പൊന്മുണ്ടം : യു.ഡി.എഫ്. നേതൃത്വത്തിന് എന്നും തലവേദന സൃഷ്ടിക്കുന്ന മലപ്പുറം പൊൻമുണ്ടം പഞ്ചായത്തില്‍ സമവായ നീക്കം ഇത്തവണയും പരാജയപ്പെട്ടു ;
സീറ്റു ചർച്ചയില്‍ ഉടക്കി മുന്നണി സംവിധാനം പൊളിഞ്ഞതോടെ, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും വെവ്വേറെ മത്സരിക്കാൻ തീരുമാനിച്ചു
അനുനയിപ്പിച്ചും അച്ചടക്കത്തിൻ്റെ വാള്‍ കാട്ടിയുമൊക്കെ പ്രാദേശിക നേതാക്കളെ വരുതിയിലാക്കുന്ന കോണ്‍ഗ്രസ്, ലീഗ് നേതൃത്വത്തിന് 'ബാലികേറാമലയാണ്' പൊൻമുണ്ടം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും ഒരു വണ്ടിയില്‍ കയറ്റുക ഇവിടെ അസാധ്യമാണ്. നേതാക്കള്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മുൻ കാലങ്ങളിലും ഐക്യം സാധ്യമായിരുന്നില്ല.
പഞ്ചായത്തിലെ ഈ അനൈക്യം കാരണം കുത്തക സീറ്റായിരുന്ന താനൂർ നിയോജകമണ്ഡലത്തില്‍ തുടർച്ചയായി രണ്ട് തവണയാണ് യു.ഡി.എഫിന് തോല്‍വി നേരിട്ടത്. വി. അബ്ദുറഹിമാൻ താനൂരില്‍ നിന്ന് രണ്ട് തവണ വിജയിക്കുകയും മന്ത്രിയാവുകയും ചെയ്തു.
താനൂർ മണ്ഡലം കൂടി ലക്ഷ്യമിട്ട്, ഇത്തവണ പഞ്ചായത്തില്‍ മുന്നണിയായേ പറ്റൂ എന്ന് യു.ഡി.എഫ്. നേതൃത്വം കർശന നിർദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ പേരിനൊരു ചർച്ച നടത്തിയ ശേഷം ഇരുപാർട്ടികളും പതിവ് പോലെ ഇത്തവണയും അടിച്ചുപിരിഞ്ഞു.
മുന്നണി പൊളിഞ്ഞതോടെ ഇരുപാർട്ടികളും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി പരസ്യ പ്രചാരണത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. പഞ്ചായത്ത് ഭരണത്തിനെതിരെ 'കുറ്റവിചാരണയുമായി' കോണ്‍ഗ്രസ് രംഗത്തിറങ്ങും.
ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് 'വികസന യാത്രയുമായി' മുസ്ലീം ലീഗും പഞ്ചായത്തില്‍ പ്രചാരണം ആരംഭിക്കും. മുന്നണിയില്ലാതെ മത്സരിച്ച കഴിഞ്ഞ തവണ മുസ്ലീം ലീഗിന് 12 ഉം കോണ്‍ഗ്രസിന് നാലും അംഗങ്ങളെയാണ് പഞ്ചായത്തില്‍ നേടാൻ കഴിഞ്ഞത്. സി.പി.എം. അടക്കമുള്ള മറ്റ് കക്ഷികള്‍ക്ക് ഇവിടെ പ്രതിനിധികളില്ല.
