തന്റെ സുഹൃത്തായ സ്ത്രീക്ക് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്ന് നേരിട്ട ദുരനുഭവം വിവരിച്ച് എഴുത്തുകാരി ഹണി ഭാസ്കരൻ.
ഡല്‍ഹിയില്‍ കർഷകസമരം നടക്കുന്ന സമയത്ത് തന്റെ സുഹൃത്തായ സ്ത്രീയോട് രണ്ടുപേർ മാത്രമായൊരു യാത്രപോകണമെന്ന് പറഞ്ഞ് വിളിച്ചുവെന്ന് ഹണി ഭാസ്കരൻ പറഞ്ഞു. ഇതിനെതിരേ ഷാഫി പറമ്ബിലിനോട് പരാതിപ്പെട്ടിട്ടും നടപടികളൊന്നും ഉണ്ടായില്ലെന്നും ഹണി ഭാസ്കരൻ മാതൃഭൂമി സുപ്പർ പ്രൈം ടൈമില്‍ വെളിപ്പെടുത്തി.
'ഡല്‍ഹിയില്‍ കർഷകസമരം നടക്കുന്ന സമയത്ത് എന്റെ പെണ്‍സുഹൃത്തിന്റെ അടുത്ത് ചെന്ന് രാഹുല്‍ പറഞ്ഞു, 'നമുക്കും പോണം ഡല്‍ഹിലേക്ക്' എന്ന്. രാഹുല്‍ എന്താണ് ഉദ്ദേശിച്ചതെന്ന് അവർക്ക് ആദ്യം മനസ്സിലായില്ല. സമരത്തെ അനുകൂലിക്കാൻ വേണ്ടിയാണല്ലോ പോകുന്നത് എന്ന് വിചാരിച്ച് 'ഓകെ, നമുക്കെല്ലാവർക്കുംകൂടെ പോകാം' എന്ന് ആ സ്ത്രീ മറുപടി നല്‍കി. എന്നാല്‍, അപ്പോള്‍ രാഹുല്‍ മറുപടി പറഞ്ഞത്, 'നമ്മള്‍ മാത്രമായിട്ട് ഡല്‍ഹിലേക്ക് ഒരു യാത്ര' എന്നായിരുന്നു. ഈ കാര്യം ഷാഫി പറമ്ബിലിന്റെ അടുത്ത് കൃത്യമായി സുഹൃത്ത് സൂചിപ്പിച്ചു. അന്ന് രാഹുല്‍ നേതാവായിട്ടില്ല. 'ഒരുപാട് സ്ത്രീകള്‍ ഇടപെടുന്ന ഒരു ഇടമാണ് യൂത്ത് കോണ്‍ഗ്രസ്. ഈ ഇടത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിച്ച് കൊണ്ടുവരാൻ പാടില്ല' എന്ന് ഈ സ്ത്രീ ഷാഫി പറമ്ബലിനോട് പരാതി പറഞ്ഞു. എന്നിട്ടും ഷാഫി അതിനെതിരേ ഒരു നിലപാടും എടുത്തില്ലെന്ന് മാത്രമല്ല, ആ സ്ത്രീക്ക് പിന്നീട് യൂത്ത് കോണ്‍ഗ്രസില്‍ പ്രവർത്തിക്കാൻ പറ്റാതാവുകയും ചെയ്തു. അവരുടെ പേര് വെളിപ്പെടുത്തിയാല്‍ വീണ്ടും ആ സ്ത്രീയെ ഇവർ തള്ളിത്താഴ്ത്തും. അതുണ്ടാകരുതെന്ന് കരുതിയാണ് ഞാൻ സത്രീയുടെ പേര് വെളിപ്പെടുത്താത്തതും പരാതിയുമായി മുമ്ബോട്ടുപോകാത്തതുമെന്നും ഹണി ഭാസ്കരൻ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ നേരത്തെ ഫെയ്സ്ബുക്കില്‍ പോസ്റ്റുമായി ഹണി ഭാസ്കരൻ രംഗത്തെത്തിയിരുന്നു. തങ്ങള്‍ രണ്ടുപേർക്കുമിടയിലുള്ള നല്ല രീതിയിലുള്ള സംഭാഷണം യൂത്ത് കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ക്കിടയില്‍ മോശമായി അവതരിപ്പിച്ചെന്നായിരുന്നു ഹണി ഭാസ്കരൻ ഫെയ്സ്ബുക്കില്‍ വെളിപ്പെടുത്തിയത്. രാഹുലിന്റെ തോളത്ത് കൈയിട്ട് നടന്ന സുഹൃത്ത് അയാളുടെ കോണ്‍ഗ്രസ് പ്രവർത്തകയോട് പറഞ്ഞ കാര്യം അവർ എന്നെ വിളിച്ചു പറയുകയായിരുന്നുവെന്നാണ് ഹണി ഭാസ്കരൻ പറഞ്ഞത്.
'എന്റെ ചാറ്റ് ബോക്സിലേക്ക് ഒരു കോഴിത്തൂവല്‍ രാഹുല്‍ ഇട്ടിട്ടുണ്ടായിരുന്നു. ഞാൻ അതിനെ ഒരു രീതിയിലും എന്റർടെയിൻ ചെയ്യാൻ താത്പര്യമെടുക്കാത്തതുകൊണ്ട് അയാള്‍ അവസാനമയച്ച മെസ്സേജ് അനാഥമായിപ്പോവുകയാണ് ഉണ്ടായത്. ഈ സംഭാഷണത്തെയാണ് അയാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കിടയില്‍ വക്രീകരിച്ച് പറഞ്ഞത്', ഹണി ഭാസ്കരൻ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണമുന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് ഹിണി ഭാസ്കരനെതിരേ നടക്കുന്നത്. ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും ഇടതുപക്ഷ സഹയാത്രികർക്കുമൊപ്പം നില്‍ക്കുന്ന ഹണി ഭാസ്കരന്റെ ചിത്രങ്ങള്‍ മോശം തലക്കെട്ടുകള്‍ കൊടുത്തുകൊണ്ട് പ്രചരിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു.
ഹണി ഭാസ്കരനെതിരേ നടക്കുന്ന സൈബർ ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വടകര എം.പി ഷാഫി പറമ്ബിലുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷൻ വി. വസീഫ് ആരോപിച്ചു. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത് തങ്ങളുടെ താത്പര്യങ്ങളും അജണ്ടകളും നടപ്പിലാക്കാൻ ശ്രമിക്കുകയാണ് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസുമെന്ന് വസീഫ് പറഞ്ഞു. അതിന് എല്ലാ ഒത്താശയും പ്രോത്സാഹനവും കൊടുക്കുന്ന ഒരു പ്രതിപക്ഷ നേതാവാണ് ഇന്ന് കേരളത്തിലുള്ളതെന്നും വസീഫ് ചൂണ്ടിക്കാട്ടി. അതിന്റെ അവസാന ഉദാഹരണം മാത്രമാണ് ഹണി ഭാസ്കറിനെതിരേ നടക്കുന്ന സൈബർ ആക്രമണം. തങ്ങളോടൊപ്പം ലിറ്ററേച്ചർ ഫെസ്റ്റിവലുകളിലും മറ്റും പങ്കെടുത്ത ഹണി ഭാസ്കരന്റെ ചിത്രംവെച്ച് അവർക്ക് തോന്നിയ ക്യാപ്ഷൻ കൊടുത്ത് അത് പ്രചരിപ്പിക്കുകയാണ്. വി.ഡി സതീശന്റേയും ഷാഫി പറമ്ബിലിന്റെയും ഒത്താശയോടെയാണ് ഇക്കാര്യങ്ങള്‍ നടക്കുന്നതെന്നും വസീഫ് പറഞ്ഞു.
