Type Here to Get Search Results !

വന്ദേഭാരതും മലപ്പുറവും തമ്മില്‍ എന്താ പ്രശ്നം? ഏറ്റവും കൂടുതല്‍ കല്ലേറുണ്ടായത് ജില്ലയ്ക്കുള്ളില്‍


തിരൂർ :വന്ദേഭാരത് ട്രെയിനിന് നേരെയുള്ള കല്ലേറിന് അറുതിയാവുന്നില്ല. അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ കല്ലേറുണ്ടായത് വന്ദേഭാരതിന് നേരെയാണ്.










കഴിഞ്ഞ ദിവസവും മംഗലാപുരം - തിരുവനന്തപുരം വന്ദേഭാരതിന് നേരെ കല്ലേറ് നടന്നിരുന്നു. അന്വേഷണത്തില്‍ പിടിയിലാകുന്നവരില്‍ കൂടുതലും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മാനസികാസ്വാസ്ഥ്യമുള്ളവരാണ്.

താനൂരിനും തിരൂരിനും കുറ്റിപ്പുറത്തിനുമിടയിലാണ് കൂടുതലും ട്രെയിനിനു നേരെ കല്ലേറ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കല്ലേറില്‍ സി-7 കോച്ചിന്റെ ചില്ല് തകർന്നുവെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ആക്രമണത്തിന് ശേഷം ട്രെയിൻ യാത്ര തുടർന്നു. വന്ദേഭാരത് ട്രെയിൻ സർവീസുകള്‍ ആരംഭിച്ച ശേഷം ഇത് ആവർത്തിക്കുകയാണ്. ദിവസങ്ങള്‍ക്കു മുമ്ബ് വന്ദേഭാരത് ട്രെയിനിന് നേരെ തിരുനാവായ സ്റ്റേഷന് സമീപത്ത് വച്ചും കല്ലേറ് നടന്നിരുന്നു. ജനുവരിയിലും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിൻ കുറ്റിപ്പുറം സ്റ്റേഷൻ പിന്നിട്ടതിന് പിന്നാലെയാണ് കല്ലേറുണ്ടായത്. രാത്രി 9 മണിക്കായിരുന്നു സംഭവം. അന്നും ട്രെയിനിന്റെ ചില്ല് പൊട്ടിയിരുന്നു.

ഒരാഴ്ച മുൻപ് തിരുനാവായയില്‍ റെയില്‍വേ ട്രാക്കില്‍ ഇരുമ്ബ് കമ്ബികള്‍ കണ്ടെത്തിയിരുന്നു. ട്രെയിൻ എത്തുന്ന സമയത്താണ് ട്രാക്കില്‍ കമ്ബി കണ്ടെത്തിയത്. ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്ബ് കമ്ബി കണ്ടെത്തി ട്രാക്കില്‍ നിന്ന് മാറ്റിയതിനാലാണ് വലിയ അപകടമൊഴിവായത്. കമ്ബി ട്രാക്കിലിട്ട ആന്ധ്രാപ്രദേശ് സ്വദേശിയെ തിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതില്‍ മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചതോടെ ഇയാളെ പൊലീസ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരം - കാസർകോട് വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞ ഒരാളെ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടിയിരുന്നു. വെള്ളറക്കാട് വച്ച്‌ പിടികൂടിയ ഇയാള്‍ ഹിന്ദി സംസാരിക്കുന്നയാളാണ്. ചന്ദ്രു എന്നാണ് പേര് പറഞ്ഞത്. പരസ്പരബന്ധമില്ലാതെയാണ് സംസാരിക്കുന്നതെന്നും ഉദ്യോഗസ്ഥർ. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെയും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.