മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ പി.എം.എ. സലാമിനെ തള്ളി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗിന് എപ്പോഴും ഒരു രീതിയുണ്ട്.
വളരെ അന്തസോടുകൂടി മാത്രമേ ലീഗ് വിമർശനം ഉന്നയിക്കാറുള്ളു. പി.എം.എ. സലാമിനെ സംസ്ഥാന പ്രസിഡന്റ് തന്നെ തിരുത്തിയിട്ടുണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
"വാക്കുകള്‍ വളരെ സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാറുള്ളു. എന്നാല്‍ ശക്തമായി തന്നെ വിമർശിക്കുക ചെയ്യും. പ്രതിപക്ഷ ബഹുമാനത്തോടെ മാത്രമേ ലീഗ് വിമർശനം ഉന്നയിക്കാറുള്ളു. തെറ്റ് പറ്റിയാല്‍ ലീഗ് തിരുത്തും. നാക്കു പിഴ ആർക്കും സംഭവിക്കാം. നാളെ എനിക്ക് വേണമെങ്കിലും സംഭവിക്കാം. എനിക്ക് സംഭവിച്ചാലും പാർട്ടി തിരുത്തും. തിരുത്താനുള്ള അവകാശം പാർട്ടി പ്രസിഡൻ്റിനാണ്", പി.കെ. കുഞ്ഞാലിക്കുട്ടി.
മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു പി.എം.എ. സലാമിന്‍റെ വിവാദ പരാമര്‍ശം. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിലാണ് സലാമിന്‍റെ വിവാദ പ്രസംഗം. പിഎം ശ്രീ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്ന് പിഎം സലാം ആരോപിച്ചു. ഒന്നുകില്‍ മുഖ്യമന്ത്രി ആണോ, അല്ലെങ്കില്‍ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് നമ്മുടെ അപമാനമാണെന്നും പിഎംഎ സലാം പറഞ്ഞു.
