Type Here to Get Search Results !

ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ ഭാര്യയെയും മകളെയും തട്ടിമാറ്റി മുൻ പ്രവാസി പുഴയില്‍ ചാടി





പാപ്പിനിശ്ശേരി : ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞുള്ള പരിശോധനയ്ക്കുശേഷം മടങ്ങുമ്ബോള്‍ മുൻ പ്രവാസി വളപട്ടണം പാലത്തിന് മുകളില്‍നിന്ന് പുഴയില്‍ ചാടി.


കീച്ചേരി പമ്ബാല സ്വദേശി സി.പി. ഗോപിനാഥൻ (63) ആണ് കുടുംബാംഗങ്ങളെ തള്ളിമാറ്റി പുഴയില്‍ ചാടിയത്. അഗ്നിരക്ഷാ സേനയും തീരദേശ പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വ്യാഴാഴ്ച വൈകീട്ട് 3.45-നാണ് സംഭവം. ഗോപിനാഥൻ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് മംഗളൂരുവില്‍നിന്ന് കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. വ്യാഴാഴ്ച രാവിലെ ആരോഗ്യസംബന്ധമായ ചില അസ്വസ്ഥതകള്‍ കാരണം കണ്ണൂരില്‍ ഡോക്ടറെ കാണാൻ പോയതായിരുന്നു. പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെ പാലത്തിലെ ഗതാഗത കുരുക്കിനിടയില്‍ പെട്ടപ്പോള്‍ ഛർദിക്കണമെന്ന് പറഞ്ഞാണ് കാറില്‍നിന്ന് ഇറങ്ങിയത്. ഭാര്യയും മകളും ഒപ്പം ഇറങ്ങിയിരുന്നു. പെട്ടെന്ന് അവരെ തള്ളിമാറ്റി ഞൊടിയിടയില്‍ പുഴയിലേക്ക് ചാടുകയായിരുന്നു. ബന്ധുക്കള്‍ ബഹളം വെച്ചതോടെ നാട്ടുകാർ വളപട്ടണം പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു.

സ്ഥലത്തെത്തിയ വളപട്ടണം പോലീസ് ഇൻസ്പെക്ടർ പി. വിജേഷിന്റെ നേതൃത്വത്തില്‍ പോലീസും കണ്ണൂരില്‍നിന്നെത്തിയ അഗ്നിരക്ഷാ സേനയും തീരദേശ പോലീസും സംയുക്തമായി വളപട്ടണം പുഴയില്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടു ദിവസമായി മഴ പെയ്യുന്നതിനാല്‍ പുഴ കലങ്ങിമറിഞ്ഞതും ശക്തമായ ഒഴുക്കും തിരിച്ചിലിനെ പ്രതിസന്ധിയിലാക്കി. രാത്രിയായതോടെ സേനാവിഭാഗങ്ങള്‍ തിരച്ചില്‍ നിർത്തിവെച്ചു.