ജി എസ് ടി സ്ലാബുകള്‍ പുതുക്കി നിശ്ചയിക്കുന്നതിനുള്ള രണ്ട് ദിവസത്തെ ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും.
നിലവിലെ 5%, 12%, 18%, 28% എന്നീ നികുതി സ്ലാബുകള്‍ക്ക് പകരം 5% ഉം 18% ഉം മാത്രം നിലനിർത്താൻ മന്ത്രിതല ഉപസമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ജി എസ് ടി കൗണ്‍സില്‍ യോഗം തുടങ്ങുക. ചെറിയ കാറുകള്‍, സിമന്റ്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങള്‍ എന്നിവയുടെ ജി എസ് ടി നിരക്ക് കുറയ്ക്കുമെന്നാണ് വ്യക്തമാകുന്നത്. മെഡിക്കല്‍ ഇൻഷൂറൻസിനും ടേം ഇൻഷൂറൻസിനുമുള്ള ജി എസ് ടി പൂർണമായി എടുത്തുകളയണമെന്ന നിർദേശവും കൗണ്‍സില്‍ പരിഗണിക്കാനിടയുണ്ട്. ഇതെല്ലാം സാധാരണക്കാർക്ക് നികുതി ഭാരം കുറയ്ക്കുന്നതാകും.
കേരളം അടക്കമുള്ള പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങള്‍ വരുമാന നഷ്ടം നികത്താതെ നികുതി കുറയ്ക്കല്‍ തീരുമാനങ്ങള്‍ എടുക്കരുതെന്ന് യോഗത്തില്‍ ശക്തമായി വാദിക്കും. സംസ്ഥാനങ്ങളുടെ ധനകാര്യ സ്ഥിതി കണക്കിലെടുത്ത് ജി എസ് ടി പരിഷ്കരണങ്ങള്‍ വേണമെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാട്. നികുതി സ്ലാബുകള്‍ ലളിതമാക്കുന്നതോടൊപ്പം, ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് അനുസൃതമായ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാൻ ഈ യോഗം ലക്ഷ്യമിടുന്നു.