Type Here to Get Search Results !

വീട്ടുകാര്‍ കണ്ടില്ല, ഉറങ്ങിക്കിടന്ന 2 മാസം പ്രായമായ കുഞ്ഞിനെ കുരങ്ങന്മാര്‍ എടുത്തുകൊണ്ടുപോയി; യുപിയില്‍ കൈക്കുഞ്ഞിന് ദാരുണാന്ത്യം


ഉത്തർപ്രദേശില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കുരങ്ങന്മാർ തട്ടിക്കൊണ്ടുപോയി വെള്ളം നിറഞ്ഞ ഡ്രമ്മിലിട്ട് കൊലപ്പെടുത്തി.

ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. വീടിനുള്ളില്‍ കട്ടിലില്‍ ഉറങ്ങിക്കിടന്ന രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് ദാരുണ മരണം സംഭവിച്ചത്. വീട്ടുകാർ ജോലി ചെയ്യുന്നതിനിടെ കുരങ്ങന്മാർ വീട്ടില്‍ നിന്നും കുഞ്ഞിനെ എടുത്തുകൊണ്ടുപോയി വെള്ളം നിറഞ്ഞ ഡ്രമ്മിലിട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. പ്രദേശത്തെ കുരങ്ങുശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

കുഞ്ഞിൻ്റെ കരച്ചില്‍ കേട്ട് വീട്ടുകാർ വീടിനകത്ത് ആദ്യം തിരഞ്ഞു. കണ്ടെത്താനാകാതെ വന്നതോടെ വീടിന് പുറത്തും ടെറസിലും പരിശോധിച്ചു. ഈ സമയത്ത് ടെറസിലെ വെള്ളം നിറച്ച ഡ്രമ്മിനകത്ത് കുഞ്ഞിനെ കണ്ടെത്തി. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തുമ്ബോഴേക്കും മരിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം നടത്തും.

പ്രദേശത്ത് കുരങ്ങുശല്യം മൂലം ജനം പൊറുതിമുട്ടിയ നിലയിലാണ്. എല്ലാ ദിവസവും കുരങ്ങന്മാരില്‍ നിന്ന് മനുഷ്യർക്ക് നേരെ ആക്രമണം ഉണ്ടാകാറുണ്ട്. വനം വകുപ്പും സർക്കാരും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുരങ്ങുശല്യം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഗ്രാമവാസികള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.