*കൊണ്ടോട്ടി:* വിനോദ സഞ്ചാര കേന്ദ്രമായ മൊറയൂർ അരിമ്പ്ര മലയിലെ 'മിനി ഊട്ടിയിൽ' ഹരിതകർമ സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം വൻ തോതിൽ ഏജൻസികൾ തള്ളി.
കോഴിക്കോട് കോർപറേഷൻ, കോട്ടയം ഈരാറ്റുപേട്ട നഗരസഭ എന്നിവടങ്ങളിൽനിന്ന് ശേഖരിച്ച അജൈവ മാലിന്യമാണ് മൊറയൂർ പഞ്ചായത്തിലുൾപ്പെട്ട മിനി ഊട്ടിയിലെ ഗ്ലാസ് ബ്രിജ്, കെ.എസ്.വൈ കമ്ബനി എന്നിവയ്ക്കു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അർധരാത്രിയിൽ തള്ളിയത്. തൊട്ടപ്പുറത്ത് ഊരകം പഞ്ചായത്തിലുൾപ്പെട്ട പ്രദേശത്തും സമാന രീതിയിൽ മാലിന്യം തള്ളിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് മാലിന്യം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ചൊവാഴ്ച വീണ്ടും മാലിന്യം തള്ളിയതോടെ മൊറയൂർ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിൽ ഈരാറ്റുപേട്ടയിലെയും കോഴിക്കോട് കോർപറേഷനിലെയും ടെക്സ്റ്റയിൽസുകൾ, ജ്വല്ലറികൾ എന്നിവയുടെ കവറുകൾ, ഫ്ളിപ്പ്കാർട്ട് പാർസൽ കവറുകൾ തുടങ്ങിയവ കണ്ടെടുത്തത്. കോഴിക്കോട് കോർപറേഷനിൽ ഹരിതകർമ സേന ഉപയോഗിക്കുന്ന 'അഴക്' എന്ന് രേഖപ്പെടുത്തിയ കവറുകളും ഇക്കൂട്ടത്തിലുണ്ട്.
വേർതിരിച്ച ശേഷം ബാക്കി വന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് തള്ളിയവയിൽ കൂടുതലും. വേർതിരിക്കാത്ത അജൈവ മാലിന്യവുണ്ട്. കോനാരി, മലബാർ, നാച്ചുറൽസ് എന്നീ ഏജൻസികളാണ് കോഴിക്കോട് കോർപറേഷനിലെ മാലിന്യം ശേഖരിക്കുന്നത്. സർക്കാർ അംഗീകൃത ഏജൻസിയായ 'തിരുവോണം' ആണ് ഈരാറ്റുപേട്ടയിലെ ഹരിതകർമ സേനയുടെ മാലിന്യം ശേഖരിക്കുന്നത്. കഴിഞ്ഞ 14, 15 തീയതികളിലാണ് ഇവർ അവസാനമായി ഹരിതകർമ സേനയിൽനിന്ന് അജൈവ മാലിന്യം ശേഖരിച്ചത്.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൊറയൂർ പഞ്ചായത്ത്, മലപ്പുറം തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയരക്ടർക്കും ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർക്കും കൊണ്ടോട്ടി പൊലിസിലും പരാതി നൽകി.
ഏജൻസിയുടെ കരാറും ലൈസൻസും റദ്ദാക്കുമെന്ന് ഈരാറ്റുപേട്ട നഗരസഭാ ചെയർപഴ്സൺ അറിയിച്ചു. കുറ്റക്കാരെ കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്ന് കോഴിക്കോട് കോർപറേഷൻ മേയർ അറിയിച്ചു.
