Type Here to Get Search Results !

കലങ്ങി മറിഞ്ഞ് കേരള രാഷ്ട്രീയം. കൃഷ്ണകുമാറിനെതിരായ യുവതിയുടെ പരാതി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പാര്‍ട്ടിയുടെ സമരത്തെ ബാധിച്ചേക്കാം. സ്വത്ത് തര്‍ക്കമെന്ന കൃഷ്ണകുമാറിന്റെ വിശദീകരണം ഇര പരാതിയില്‍ ഉറച്ച്‌ നിന്നാല്‍ പൊളിഞ്ഞേക്കും. ബി.ജെ.പിയില്‍ നിന്ന് ഇനിയും പലതും പുറത്ത് വന്നേക്കുമെന്നും സൂചനകള്‍. സി.പി.എമ്മിലെ ഒരു യുവമന്ത്രിക്ക് നേരെയും ആരോപണങ്ങളുയരുന്നു


തിരുവനന്തപുരം : ഒന്നിന് പിറകേ ഒന്നായി പുറത്ത് വരുന്ന സ്ത്രീ പീഡന പരാതികള്‍ കൊണ്ട് കേരള രാഷ്ട്രീയം കലങ്ങി മറിയുന്നു.

നിലവില്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിയുമായ സി. കൃഷ്ണകുമാറിനെതിരേ പാർട്ടിയില്‍ നിന്നുയരുന്ന പീഡന പരാതിയാണ് ചർച്ച ചെയ്യപ്പെടുന്നത്.

പീഡനത്തിന് ഇരയായെന്ന് കാണിച്ച്‌ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് യുവതി നല്‍കിയ പരാതി പുറത്ത് വന്നതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പരാതി പ്രവാഹം ഏറ്റെടുത്ത് സമരരംഗത്തിറങ്ങിയ ബി.ജെ.പി വെട്ടിലായിരിക്കുകയാണ്.

രാഹുലിനെ രാജിവെപ്പിക്കാൻ പാലക്കാട്ട് ബി.ജെ.പി നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ മുന്നില്‍ നിന്ന് നയിച്ച കൃഷ്ണകുമാറിനെതിരായ പരാതി സ്ഥിരീകരിക്കപ്പെടുകയും അത് വാർത്തയായി വരുകയും ചെയ്തത് പാർട്ടിയെയും നേതൃത്വത്തെയും വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്.

പുറത്ത് വന്ന പരാതി കോടതി തള്ളിക്കളഞ്ഞതാണെന്ന വാദമാണ് കൃഷ്ണകുമാർ ഉയർത്തുന്നത്. എന്നാല്‍ പരാതിയില്‍ ഇര ഉറച്ച്‌ നിന്നാല്‍ കൃഷ്ണകുമാറിനും ബി.ജെ.പിക്കും കുരുക്ക് മുറുകിയേക്കും.

ഉന്നയിക്കപ്പെട്ട ലൈംഗിക പീഡന പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്താല്‍ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

നിലവില്‍ സംസ്ഥാന അദ്ധ്യക്ഷന് നല്‍കിയ പരാതിയില്‍ എന്ത് നടപടിയാവും ബി.ജെ.പി എടുക്കുകയെന്ന ചോദ്യവും ഉയർന്ന് കഴിഞ്ഞിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പീഡനാരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ നിലപാട് കടുപ്പിച്ച രാജീവ് ചന്ദ്രശേഖർ സ്വന്തം പാർട്ടിയില്‍ ഉയർന്ന പരാതി എങ്ങനെ കൈകാര്യം ചെയ്യുമെന്നതും ഉറ്റ് നോക്കപ്പെടുന്നു.

നിലവില്‍ പരാതി തള്ളി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് രംഗത്ത് വന്നിട്ടുണ്ട്. മുമ്ബ് വന്ന പരാതിയാണിതെന്നും 2022ലെ തദ്ദേശത്തിരഞ്ഞെടുപ്പില്‍ ഇത് വലിയ വാർത്തായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കൃഷ്ണകുമാറിനെതിരെ പരാതി ഉയർന്നതോടെ ബി.ജെ.പിയിലെ ഗ്രൂപ്പ്‌പോര് മൂർച്ഛിക്കുമെന്നും പറയപ്പെടുന്നു. സംസ്ഥാന അദ്ധ്യക്ഷന് ഇ-മെയിലില്‍ നല്‍കിയ പരാതി ബി.ജെ.പിയിലെ ഒരു വിഭാഗം തന്നെ ചോർത്തിയെന്നും ഇത് പുറത്ത് പോയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും ബി.ജെ.പിയില്‍ ആവശ്യമുയർന്നിട്ടുണ്ട്.

മുരളീധരപക്ഷത്തെ പ്രമുഖനായ നേതാവ് കൃഷ്ണകുമാറിന് മുൻ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷുമായി വലിയ ബന്ധങ്ങളുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ ആരോപണത്തിന് പിന്നിലെ കൂടുതല്‍ വിശദാംശളങ്ങള്‍ പുറത്ത് വരാൻ സാധ്യതയുണ്ടെന്നും കരുതപ്പെടുന്നു.

ഇതിനിടെ സി.പി.എമ്മിലെ ഒരു യുവമന്ത്രിക്ക് നേരെ പീഡനാരോപണമുണ്ടെന്ന അഭ്യൂഹങ്ങളും നിലവിലെ രാഷ്ട്രീലയാന്തരക്ഷത്തില്‍ ഉയർന്ന് കേള്‍ക്കുന്നുണ്ട്.

ആരോപണത്തിന്റെ നെല്ലും പതിരും തിരിച്ചറിയാൻ കുറച്ച്‌ സമയം കൂടി വേണ്ടി വന്നേക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. സി.പി.എമ്മിലെ രപമുഖനായ യുവ മന്ത്രി ഗോവിന്ദൻ പക്ഷത്ത് നിന്നും പിണറായി പക്ഷത്തേക്ക് കൂറുമാറിയ ആളാണെന്നും പറയപ്പെടുന്നുണ്ട്.