Type Here to Get Search Results !

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പിക്ക് അന്വേഷണ ചുമതല, പരാതി നല്‍കിയവരുടെ മൊഴി രേഖപ്പെടുത്തും


ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുകയാണ്




കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറിന് നല്‍കി. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. തുടർന്ന്, രാഹുലില്‍ നിന്നും പീഡനമോ അധിക്ഷേപമോ നേരിട്ടതായി വെളിപ്പെടുത്തിയവരെയും സമീപിച്ച്‌ അവരുടെ മൊഴിയും പൊലീസ് ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നലെയാണ് സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാരോപിച്ച്‌ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, വിഷയത്തില്‍ ഇരുവിഭാഗങ്ങളിലുമുള്ള രാഷ്ട്രീയ പാർട്ടികള്‍ പ്രതിഷേധം ശക്തമാക്കുകയാണ്. ഷാഫി പറമ്ബില്‍ എംപിയെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച്‌ സംഘർഷത്തിലേക്ക് വഴിമാറി. പൊലീസിന്റെ ജലപീരങ്കിയും ശക്തമായ ഇടപെടലും ഉണ്ടായിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു.

രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പ്രതിഷേധ പരിപാടികള്‍ കടുപ്പിക്കാനാണ് സാധ്യത. വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് മാധ്യമങ്ങളെ നേരിടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകള്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുന്നതോടെ സംസ്ഥാനത്ത് രാഷ്ട്രീയ തർക്കവും സംഘർഷവും കൂടി രൂക്ഷമാകുമെന്ന് സൂചനകളുണ്ട്.