പെരിന്തല്‍മണ്ണയില്‍ തെരുവുനായയുടെ കടിയേറ്റ് പിതാവിനും മകനും പരിക്ക്. ആനമങ്ങാട് പരിയാപുരം കൊളമ്ബില്‍ ഹംസ, മകൻ ശിഹാബ് എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്.
ഇന്നലെ വൈകിട്ട് ആനമങ്ങാട്ടെ ഇവരുടെ കടക്കു മുന്നില്‍ നില്‍ക്കുമ്ബോഴാണ് ഇവർക്ക് തെരുവ് നായയുടെ കടിയേറ്റത്. നാട്ടില്‍ തെരുവ്നായയുടെ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പ്രതികരിച്ചു.
ശിഹാബിന്റെ ചെറിയ മകൻ ആദമിന് നേരെ പാഞ്ഞടുത്ത നായെ തടയാൻ ശ്രമിച്ചപ്പോഴാണ് ശിഹാബിനും പിതാവ് ഹംസക്കും കടിയേറ്റത്. ഹംസയുടെ കൈവിരലിലും ശിഹാബിന്റെ കാലിലും മുറിവ് പറ്റി. പരിക്കേറ്റ ഇവർ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശത്ത് തെരുവ് നായ്കളുടെ എണ്ണംപെരുകിയത് ഭീഷണിയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. തെരുവ് നായ്കളെ പിടികൂടാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ച പത്തനംതിട്ടയില്‍ വിദ്യാർത്ഥികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. നാരങ്ങാനം ആലുങ്കല്‍ ആദില്‍ മൻസിലില്‍ ആദില്‍ അസീസ്, ഇളപ്പുങ്കല്‍ മോസ്‌കോ പടിയില്‍ സിനി ലാന്റ് വീട്ടില്‍ നിഥിന്റെ മകള്‍ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി വൃശ്ചികാ നിഥിൻ എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കാലിലെ തൊലി തെരുവ് നായ കടിച്ചെടുത്ത നിലയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരുന്നില്ലെന്നാണ് അധികൃതർ പറഞ്ഞത്. ഗ്രാമ പഞ്ചായത്തില്‍ പരാതിപ്പെട്ടെങ്കിലും സ്വകാര്യ വ്യക്തിയുടെ നായയാണെങ്കില്‍ നടപടിയെടുക്കാം എന്ന മറുപടിയാണ് ലഭിച്ചത്.
