ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു.
മലയാളികള്‍ അടക്കം ഇരുപതിനായിരത്തോളം ഇന്ത്യക്കാരുള്ള ടാൻസാനിയയില്‍ സ്ഥിതി രൂക്ഷമായതോടെ ഇന്ത്യൻ സമൂഹം ആശങ്കയിലാണ്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സാംബിയ സുലുഹു ഹസ്സൻ 97 ശതമാനത്തിലധികം വോട്ടു നേടി വിജയിച്ചെന്ന അവകാശവാദം അംഗീകരിക്കാത്തവർ തെരുവിലേക്ക് ഇറങ്ങി പ്രതിഷേധിക്കുകയാണ്. സുരക്ഷാ സേനയുടെ വെടിയേറ്റാണ് നൂറുകണക്കിനാളുകള്‍ മരിച്ചത്.
2025 ഒക്ടോബർ 29 നാണ് തിരഞ്ഞെടുപ്പ് നടന്നത്. അട്ടിമറി ആരോപണവുമായി ഒരു വിഭാഗം തെരുവിലിറങ്ങി വോട്ടെടുപ്പിനെതിരെ പ്രതിഷേധിക്കുകയും വോട്ടെണ്ണല്‍ തടസ്സപ്പെടുത്തുകയും ചെയ്തതോടെയാണ് സ്ഥിതി കലുഷിതമായത്. കലാപം അടിച്ചമർത്താൻ പോലീസിനെ സഹായിക്കുന്നതിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഇന്റർനെറ്റ് കണക്റ്റിവിറ്റി റദ്ദാക്കി. ഇത് യാത്രകളെയും മറ്റ് പ്രവർത്തനങ്ങളെയും ബാധിക്കുന്നതായാണ് വിവരം.
ആക്രമണങ്ങള്‍ ടാൻസാനിയയില്‍ ഉടനീളം വ്യാപിച്ചതിനെ തുടർന്ന്, നവംബർ 3 ന് തുറക്കാനിരുന്ന യൂണിവേഴ്സിറ്റികള്‍ തുറക്കുന്നത് സർക്കാർ മാറ്റിവച്ചു. അക്രമങ്ങളില്‍ എത്രപേർ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന് അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല, എങ്കിലും 800 ലെറെ പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് പരിഷ്കാരങ്ങള്‍ ആവശ്യപ്പെട്ട പ്രതിപക്ഷ നേതാക്കളില്‍ പലരും രാജ്യദ്രോഹക്കുറ്റം ചുമത്തി മാസങ്ങളായി ജയിലിലാണ്. പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്റെ പ്രധാന എതിരാളികളായ രണ്ട് പ്രതിപക്ഷ നേതാക്കളെ തിരഞ്ഞെടുപ്പില്‍ നിന്ന് തടയുകയോ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയോ ചെയ്തതിനെ തുടർന്ന്, ഈ തിരഞ്ഞെടുപ്പ് ഒരു മത്സരമായിരുന്നില്ല, മറിച്ച് കിരീടധാരണമായിരുന്നുവെന്ന് വിമർശകരും പ്രതിപക്ഷ ഗ്രൂപ്പുകളും ആരോപിക്കുന്നു.
