Type Here to Get Search Results !

വീല്‍ചെയറില്‍ കണ്ണന്‍റെ യാത്ര 17ാം ദിവസം; മൂകാംബികയിലെത്താന്‍ ഒരു ദിവസം ചക്രമുന്തുന്നത് 25 കിലോമീറ്റര്‍ വരെ


കൈ കൊണ്ട് കറക്കുന്ന വീല്‍ചെയര്‍ ഉന്തി കണ്ണന്‍ 17ാം ദിവസവും യാത്ര തുടരുമ്ബോള്‍ ദൂരം മനക്കരുത്തിന് വഴിമാറുകയാണ്.

മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ 49കാരൻ കണ്ണന്‍റെ, കര്‍ണ്ണാടകയിലെ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രയാണ് കണ്ടുനില്‍ക്കുന്നവരില്‍ ആശ്ചര്യമുണര്‍ത്തുന്നത്. അപകടത്തില്‍ പരിക്കേറ്റ് ഒരു കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. രണ്ടാമത്തെ കാലിലെ സ്വാധീനക്കുറവും ഈ മധ്യവയസ്‌കനിലെ നിശ്ചയദാര്‍ഢ്യത്തെ തളര്‍ത്താനായില്ല. യാത്ര 17ാം ദിവസം എത്തിനില്‍ക്കുമ്ബോള്‍ കാസര്‍കോട് ടൗണില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ് ഇദ്ദേഹമിപ്പോള്‍ ഉള്ളത്.

ഒരേ കിടപ്പില്‍ ആറ് വര്‍ഷം, വീട് വച്ചുനല്‍കി സുമനസ്സുകള്‍

കോണ്‍ക്രീറ്റ് ജോലിക്കിടെ 2013ലുണ്ടായ ഒരപകടത്തിലാണ് കണ്ണന്‍റെ കാല്‍ മുറിച്ചുമാറ്റേണ്ടി വന്നത്. തുടര്‍ന്ന് ആറ് വര്‍ഷം ഒരേ കിടപ്പില്‍ തന്നെ കഴിയേണ്ടി വന്നു. ദരിദ്ര പശ്ചാത്തലത്തില്‍ കഴിഞ്ഞിരുന്ന, ഭാര്യയും മൂന്ന് പെണ്‍മക്കളും മകനും അടങ്ങിയ ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സാഹചര്യം മനസ്സിലാക്കി വിളയില്‍ സ്‌കൂളിലെ എന്‍എസ്‌എസ് പ്രോഗ്രാം ഓഫീസര്‍ ഷമീറയുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ചു നല്‍കി. വീടെന്ന വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമായതോടെ ഇവരോടുള്ള നന്ദി സൂചകമായി ശബരിമലയിലേക്ക് വീല്‍ ചെയറില്‍ ആദ്യ യാത്ര പുറപ്പെടുകയായിരുന്നു. 22 ദിവസമെടുത്താണ് ഈ ലക്ഷ്യം പൂര്‍ത്തിയാക്കിയത്. പിന്നീട് രണ്ട് തവണകൂടി ശബരിമല സന്ദര്‍ശനം നടത്തി.

ചക്രം ഉന്തി കൈ വേദനിക്കുമ്ബോള്‍ വിശ്രമം

ഒക്ടോബര്‍ 16ാം തീയതിയാണ് മലപ്പുറം ജില്ലയിലെ കാടാമ്ബുഴ ക്ഷേത്രത്തില്‍ നിന്ന് മൂകാംബികയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഒരു ദിവസം ശരാശരി 20 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് കണ്ണന്‍ പറയുന്നു. ചക്രം ഉന്തി കൈ വേദനിക്കുമ്ബോള്‍ വൈകീട്ടോടെ യാത്ര അവസാനിപ്പിക്കും. അമ്ബലങ്ങളിലോ വഴിയോരങ്ങളിലോ രാത്രി കഴിച്ചുകൂട്ടി, പെട്രോള്‍ പമ്ബുകളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ച ശേഷം രാവിലെ യാത്ര തുടരുന്നതാണ് രീതി. സഞ്ചാരത്തിനിടെ പരിചയപ്പെടാനെത്തുന്നവര്‍ ചിലപ്പോള്‍ ഭക്ഷണം വാങ്ങി നല്‍കും. ഒരു മാസം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണന്‍ പറഞ്ഞു. ഭാര്യയും മക്കളും ഫോണില്‍ നിരന്തരം സംസാരിച്ച്‌ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.