ഹൈദരാബാദിലെ കർണൂലില്‍ ബസിന് തീപിടിച്ച് വൻ ദുരന്തം. നിരവധി പേർ മരിച്ചു. 15 പേരെ രക്ഷപ്പെടുത്തി. ബെംഗളൂരു- ഹൈദരാബാദ് ഹൈവേയില്‍ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്.
25 ലേറെ മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരു-ഹൈദരാബാദ് സ്വകാര്യ വോള്‍വോ ബസിനാണ് കത്തിപിടിച്ചത്. തീപിടിത്തത്തില്‍ ബസ് പൂർണമായി കത്തി നശിച്ചു.
കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം ഉണ്ടായത്. കാവേരി ട്രാവല്‍സ് എന്ന വോള്‍വോ ബസിനാണ് കത്തിപിടിച്ചത്. അപകടം ഉണ്ടായി മിനിറ്റുകള്‍ക്കകം ബസ് പൂർണമായും കത്തിനശിച്ചു. ബസില്‍ 42 യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. തീ പടര്‍ന്നതോടെ 12 പേർ ജനാലകള്‍ തകര്‍ത്ത് ചാടി രക്ഷപ്പെട്ടു. അപകടമറിഞ്ഞെത്തിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. പരിക്കേറ്റവരെ കർണൂല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്ന് റിപ്പോർട്ട്.
