യുഡിഎഫിന്റെ യുവനേതാക്കള്‍ രാഷ്ട്രീയത്തില്‍ പുതിയ മാഫിയ സംസ്കാരം കൊണ്ടുവരുകയാണെന്ന് കെടി ജലീല്‍ എംഎല്‍എ ആരോപിച്ചു.
പണമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവർ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. യൂത്ത് കോണ്‍ഗ്രസ് വയനാട്ടില്‍ വീട് വയ്ക്കാൻ പണം പിരിച്ചത് വിവാദമായപ്പോള്‍, യൂത്ത് ലീഗ് നേതാക്കള്‍ പണം പിരിച്ച ശേഷം പുതിയ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങുന്നതാണ് കാണുന്നതെന്നും ജലീല്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുസ്ലിം ലീഗിന്റെ സെയില്‍സ് മാനേജരായ പികെ ഫിറോസ്, ദോത്തി ചലഞ്ച് എന്ന പേര് നല്‍കി 200 രൂപയ്ക്ക് ലഭ്യമാകുന്ന മുണ്ട് 600 രൂപയ്ക്ക് വിറ്റ് വൻ തട്ടിപ്പ് നടത്തിയെന്നും, ദുബായിലെ ഫോർച്യൂണ്‍ ഹൗസ് ജനറല്‍ എന്ന കമ്ബനിയുടെ മാനേജരായ ഫിറോസ് മാസം 5.25 ലക്ഷം രൂപ ശമ്ബളം വാങ്ങുന്നുണ്ടെന്നും ജലീല്‍ ആരോപിച്ചു. 2021ല്‍ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് പറഞ്ഞിരുന്ന ഫിറോസിന് 2024 ആയപ്പോഴേക്കും ഇത്ര വലിയ ശമ്ബളമുള്ള ജോലി എങ്ങനെ ലഭിച്ചുവെന്നും ജലീല്‍ ചോദ്യമുയർത്തി.
പാർട്ടി പദ്ധതികളുടെ മറവില്‍ ഫിറോസ് വൻ സാമ്ബത്തിക തിരിമറി നടത്തുന്നുണ്ടെന്നും, ഈ രേഖകള്‍ യൂത്ത് ലീഗ് നേതാക്കള്‍ തന്നെയാണ് തനിക്ക് നല്‍കിയതെന്നും ജലീല്‍ വെളിപ്പെടുത്തി. ഐസ്ക്രീം പാർലർ കേസില്‍ പികെ കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ജഡ്ജി സിറിയക് ജോസഫിനെ മുസ്ലിം ലീഗ് നേതാക്കള്‍ സ്വാധീനിച്ചാണ് തനിക്കെതിരെ ബന്ധു നിയമന കേസില്‍ നടപടി എടുപ്പിച്ചതെന്നും ജലീല്‍ ആരോപിച്ചു. സിറിയക് ജോസഫിന് ലീഗ് നേതാക്കള്‍ ഒട്ടേറെ സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
