Type Here to Get Search Results !

'ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടത്'; പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, നേരിടുമെന്ന് കെഎൻ ഉണ്ണികൃഷ്ണൻ എംഎല്‍എ


തനിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എല്‍.എ.

തന്റെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമമാണ് ഇതിനു പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് വന്ന ഒരു എളിയ രാഷ്ട്രീയ പ്രവർത്തകനാണ് താനെന്നും, നിസ്വാർത്ഥതയും സഹനവും ത്യാഗവും സഹജീവികളോടുള്ള സ്നേഹവുമാണ് ഒരു പൊതുപ്രവർത്തകനെ രൂപപ്പെടുത്തുന്നതെന്നും ഉണ്ണികൃഷ്ണൻ എം.എല്‍.എ പറഞ്ഞു. എന്നാല്‍, നിക്ഷിപ്തമായ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാൻ വേണ്ടി വ്യക്തിപരമായ പകപോക്കലിനും തന്റെ രാഷ്ട്രീയ ജീവിതത്തെ അപകീർത്തിപ്പെടുത്താനും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ വ്യാജപ്രചരണങ്ങള്‍ നടന്നുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടു.

പറവൂർ സ്വദേശിയായ സി.കെ. ഗോപാലകൃഷ്ണൻ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി സൈബർ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നീട് സമൂഹമാധ്യമങ്ങളും ദിനപത്രങ്ങളും ഓണ്‍ലൈൻ ചാനലുകളും ഇത് ഏറ്റെടുത്ത് തന്റെ പേരും ചിത്രവും ഉപയോഗിച്ച്‌ വാർത്തകള്‍ നല്‍കുകയായിരുന്നു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നതിനും തകർക്കുന്നതിനും അവരുടെ നേതാക്കളെ തേജോവധം ചെയ്യുക എന്നത് വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെ രീതിയാണ്. തകർന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഉയർത്തിക്കൊണ്ടുവരാനും ജീർണ്ണതയില്‍ നിന്ന് രക്ഷപ്പെടാനുമുള്ള നെറികെട്ട പ്രചരണം മാത്രമാണിത്. ഇതൊരു ഗീബല്‍സിയൻ തന്ത്രമാണെന്നും എം.എല്‍.എ ആരോപിച്ചു.

തെറ്റായ പ്രചരണം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ വ്യക്തിപരമായി സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളെല്ലാം ഈ അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.