രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് തനിക്കെതിരെ സൈബറിടത്ത് വ്യാജ പ്രചാരങ്ങള്‍ നടത്തുന്നതെന്ന് സിപിഎം നേതാവ് കെ ജെ ഷൈൻ.
തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണം പ്രതിപക്ഷ നേതാവ് നേതാവ് വിഡി സതീശന്റെ അറിവോടെയാണെന്നും ഒരു ബോംബ് വരുന്നുണ്ടെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നെന്നും ഷൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വലതുപക്ഷ മാധ്യമങ്ങളും അത് കൈകാര്യം ചെയ്യുന്ന ആളുകളുമാണ് തനിക്കെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി കുപ്രചരണങ്ങള്‍ നടത്തുന്നതെന്നും കെ ജെ ഷൈൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
''ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട എംഎല്‍എയെ രക്ഷിക്കാൻ കോണ്‍ഗ്രസ് ശ്രമിച്ചിട്ടും കഴിയുന്നില്ല. നിയമസഭയിലും അതിനു കഴിയാത്ത സാഹചര്യമാണ്. അതില്‍നിന്നും ശ്രദ്ധതിരിക്കാനായിരിക്കും തനിക്കെതിരെയുള്ള ഈ ആരോപണങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ ചിലർ ആരോപണം ഉന്നയിച്ച എംഎല്‍എയെ പരിചയമുണ്ട്. പൊതുപ്രവർത്തകരെന്ന നിലയില്‍ വേദികളില്‍ വരാറുണ്ട്. സംസാരിക്കാറുണ്ട്. ഒരു ബോംബ് വരുന്നുണ്ടെന്നും ധൈര്യമായി ഇരിക്കണമെന്നും 11ന് ഒരു പൊതുവേദിയില്‍വച്ച് കോണ്‍ഗ്രസിന്റെ നേതാവ് പറഞ്ഞു. എന്തു കേട്ടാലും വിഷമിക്കരുത് എന്നും പറഞ്ഞു. അടുത്ത് അറിയാവുന്ന നേതാവാണ്. അദ്ദേഹം നിഷ്കളങ്കമായി പറഞ്ഞതാകാം. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് എനിക്കെതിരെ പോസ്റ്റർ വന്നത്. ഭർത്താവ് പരാതി നല്‍കാം എന്ന് പറഞ്ഞു. പക്ഷേ ആരാണെന്ന് അറിയാത്തതിനാല്‍ കാര്യമാക്കിയില്ല''- ഷൈൻ പറഞ്ഞു.
സ്ത്രീകള്‍ വീട്ടില്‍ മാത്രം ഇരിക്കണമെന്ന് ചിന്തിക്കുന്നവരുണ്ടെന്ന് ഷൈൻ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ അപവാദം പറഞ്ഞ് രസിക്കുന്നവരുണ്ട്. മനോവൈകൃതമുള്ളവർ എല്ലാ രംഗത്തുമുണ്ട്. വലതുപക്ഷ രാഷ്ട്രീയക്കാരാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. പോലീസിന് പരാതി നല്‍കി. എസ്പി ഓഫിസില്‍നിന്ന് വിളിപ്പിച്ചിരുന്നു. കൈവശമുള്ള തെളിവുകള്‍ നല്‍കും. പോലീസ് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ കൂടുതലായി പൊതുരംഗത്തേക്ക് വരണം. എന്തെങ്കിലും കേട്ടാല്‍ വീട്ടിലേക്ക് ഓടുന്നവരാകരുത് സ്ത്രീകള്‍. താൻ ഇത്രയും നാള്‍ രാഷ്ട്രീയത്തില്‍നിന്നിട്ട് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് പുതുതലമുറയ്ക്ക് തോന്നരുത്. അതിനാലാണ് പ്രതികരിക്കുന്നത്. വാർത്ത വന്ന മാധ്യമത്തിനെതിരെ പരാതി നല്‍കുമെന്നും ഷൈൻ പറഞ്ഞു.
അതേസമയം ഇന്നലെയാണ് സമൂഹമാധ്യമങ്ങള്‍ വഴി തനിക്കെതിരെയും തന്റെ കുടുംബത്തിനെതിരെയും നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് അറിയിച്ച് സിപിഎം നേതാവും അധ്യാപികയുമായ കെ ജെ ഷൈൻ ടീച്ചർ രംഗത്തെത്തിയത്. തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് അപമാനിക്കാനുള്ള ശ്രമം നടക്കുന്നതായും ഷൈൻ ടീച്ചർ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. രാഷ്ട്രീയമായും വ്യക്തിപരമായും തന്നെ തകർക്കാൻ ലക്ഷ്യം വച്ച് നടത്തുന്ന നെറികെട്ട, ജീർണ്ണതയുടെ, ഭീരുത്വത്തിൻ്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഷൈൻ ടീച്ചർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ നിരത്തി ഖ്യമന്ത്രിക്കും ഡിജിപിക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതി നല്‍കുമെന്നും അവർ കുറിച്ചു. സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നില്‍ പ്രവർത്തിച്ചവർ തയാറാവണമെന്നും കെ ജെ ഷൈൻ പറഞ്ഞിരുന്നു.
എന്നെക്കുറിച്ചും എന്‍റെ ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തില്‍ വ്യപകമായി വ്യാജ കുപ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന അപവാദങ്ങള്‍ മാനസികമായും സാമൂഹ്യമായും ഒരു വ്യക്തിയെ മാത്രമല്ല വേദനിപ്പിക്കുന്നത്, കൂടെയുള്ള ജീവിത പങ്കാളിയെയും മക്കളെയും ബന്ധുക്കളെയും സ്നേഹിതരെയും സഹപ്രവര്‍ത്തകരെയും ഒക്കെയാണ്. രാഷ്ട്രീയവും വ്യക്തിപരവുമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചരണം നടക്കുന്നതെന്ന് കെ ജെ ഷൈൻ ടീച്ചർ പറഞ്ഞു. ഒരു കാരണവശാലും പൊതു പ്രവർത്തനരംഗത്ത് നില്‍ക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുതെന്നും ഇത്തരം പ്രതിസന്ധികള്‍ ഒന്നിച്ച് നേരിടാമെന്നും അവർ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
