ഹിരണ്‍ദാസ് മുരളിക്കെതിരെ പുതിയ പരാതികള്‍. ഇയാളുടെ ലൈംഗിക അതിക്രമത്തിന് ഇരകളായെന്ന് വെളിപ്പെടുത്തി രണ്ടു യുവതികളാണ് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരിക്കുന്നത്.
നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാൻ അവസരം തേടിയാണ് ഇമെയിലില്‍ പരാതി അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെട്ടും സമയം തേടിയിട്ടുണ്ട്. ഇന്ന് ഡല്‍ഹിക്ക് പോകുന്നതിനാല്‍ അദ്ദേഹം തിരിച്ചെത്തിയ ശേഷം ഇവരെ കാണാൻ സമയം അനുവദിച്ചേക്കും.
ദളിത് സംഗീതത്തില്‍ ഗവേഷണം ചെയ്യാനായി വിവരം തേടി ഫോണില്‍ ബന്ധപ്പെട്ട യുവതിയെ 2020 ഡിസംബറില്‍ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി വേടൻ അതിക്രമം നടത്തി എന്നാണ് ഒരു പരാതി. ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും വഴങ്ങാത്തപ്പോള്‍ കടന്നുപിടിക്കുകയും ചെയ്തുവെന്ന് ഈ പരാതിയില്‍ പറയുന്നു. തൻ്റെ കലാപരിപാടികളില്‍ ആകൃഷ്ടനായെന്ന് പറഞ്ഞ്, ഇങ്ങോട്ട് താല്‍പര്യമെടുത്ത് ബന്ധം സ്ഥാപിച്ച വേടൻ, പിന്നീട് ക്രൂരമായ അതിക്രമം നടത്തിയെന്നാണ് മറ്റൊരു യുവതിയുടെ പരാതി. മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ പറയുന്ന രണ്ടു സംഭവങ്ങളും 2020-21 കാലഘട്ടത്തില്‍ ഉണ്ടായതാണ്.
2021ല്‍ വേടനെതിരെ ഉണ്ടായ മീ ടൂ (Me Too) വെളിപ്പെടുത്തലുകളുടെ ഭാഗമായി ഈ രണ്ടു പരാതിക്കാരും അതിക്രമ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. പൊലീസ് അന്വേഷണത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. നിലവില്‍ കേരളത്തിന് പുറത്ത് പഠിക്കുന്ന ഇവർ മുഖ്യമന്ത്രിയുടെ സമയം കിട്ടിയാല്‍ നേരിട്ട് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വേടനെതിരെ എറണാകുളം തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന ബലാല്‍സംഗ കേസിലെ പരാതിക്കാരിയുടെ അനുഭവങ്ങള്‍ക്ക് സമാനമാണ് പുതിയ പരാതിക്കാരും നേരിട്ട അതിക്രമങ്ങള്‍ എന്നാണ് സൂചന. അതേസമയം ഇവരില്‍ ഒരാളെ ആദ്യമായി കാണുമ്ബോള്‍ തന്നെയാണ് വേടൻ അതിക്രമത്തിന് മുതിർന്നത്.
മാധ്യമ സിൻഡിക്കറ്റിലൂടെ അതിക്രമം തുറന്നു പറഞ്ഞവരില്‍ ഒരാളാണ് പുതിയ പരാതിക്കാരി. കേസെടുത്ത് രണ്ടാഴ്ച പിന്നിട്ടിട്ടും അറസ്റ്റിന് ശ്രമിക്കാതെ പൊലീസ് പ്രതിയെ സംരക്ഷിക്കുന്നത് സിപിഎം പിന്തുണയുള്ളത് കൊണ്ടാണെന്ന് വ്യാപക ആക്ഷേപമുണ്ട്. പുതിയ പരാതികള്‍ ഇക്കാര്യത്തില്‍ തിരിച്ചടിയാകും. ആദ്യ പരാതിക്കാരിയായ യുവഡോക്ടറുടെ മൊഴിപകർപ്പ് പൊലീസ് ചോർത്തി മാധ്യമങ്ങളിലൂടെ പുറത്തുവന്നത് വീണ്ടും പരാതി നല്‍കാനിരുന്നവരെ കടുത്ത ഭീതിയിലാക്കി. ഇതോടെയാണ് പുതിയ പരാതിക്കാർ മുഖ്യമന്ത്രിയെ നേരിട്ട് സമീപിച്ചത് എന്നാണ് സൂചന.
