റിസോർട്ട് പോലെ അത്യാധുനിക സൗകര്യങ്ങളുളള കേരളത്തിലെ ഒരു അങ്കണവാടി സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചു.
മലപ്പുറത്തെ ആലംകോട് പഞ്ചായത്തിലെ ചിയ്യാന്നൂർ എന്ന സ്ഥലത്താണ് സ്റ്റൈലിഷ് അങ്കണവാടി ഒരുങ്ങിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പഞ്ചായത്തംഗമായ അബ്ദുള്‍ മജീദ് ടി എ ആണ് കഴിഞ്ഞ ദിവസം പങ്കുവച്ചത്. പലരും ഇത് അങ്കണവാടിയാണോയെന്ന സംശയവും ചോദിക്കുന്നുണ്ട്.
കേരളത്തില്‍ സാധാരണയായി കാണപ്പെടുന്ന ഒരു അങ്കണവാടി കെട്ടിടത്തില്‍ നിന്ന് ഏറെ വ്യത്യസ്തമായ രീതിയിലാണ് ചിയ്യാന്നൂരിലെ അങ്കണവാടി നിർമിച്ചിരിക്കുന്നത്. അങ്കണവാടികളില്‍ സാധാരണയായി കുട്ടികളെ ആകർഷിപ്പിക്കുന്നതിനായി കാർട്ടൂണ്‍ പെയിന്റിംഗുകളും ഉള്‍പ്പെടുത്താറുണ്ട്. പക്ഷെ വൈറലായ കെട്ടിടത്തില്‍ അത്തരത്തില്‍ യാതൊന്നും കാണാനില്ല. അങ്കണവാടിയുടെ മദ്ധ്യഭാഗത്തായി പാസ്റ്റല്‍ ഷേഡുകള്‍, ഫിഷ് ടാങ്കുകള്‍, സൂര്യപ്രകാശം കെട്ടിടത്തിനുളളില്‍ ലഭിക്കുന്ന തരത്തിലുളള സൗകര്യങ്ങള്‍ എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
1300 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന കെട്ടിടം പൂർണമായും എയർ കണ്ടീഷൻ ചെയ്തിരിക്കുകയാണ്. ഇവ കൂടാതെ കെട്ടിടത്തില്‍ പ്രത്യേക കളിസ്ഥലം, മോഡുലാർ കിച്ചണ്‍, ടെലിവിഷൻ, വൈഫൈ കണക്ഷൻ, വിശാലമായി ഇരിപ്പിടങ്ങള്‍,മികച്ച ഇന്റീരിയറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. അങ്കണവാടിയില്‍ മാറ്റം വരുത്താൻ ഏകദേശം 25 ലക്ഷം ചെലവായെന്നാണ് മജീദ് പറയുന്നു.കൂടാതെ ഇന്റീരിയറുകള്‍ക്കു ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി പഞ്ചായത്തില്‍ നിന്ന് അധികമായി മൂന്ന് ലക്ഷം രൂപ സഹായം ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.
'അങ്കണവാടിയുടെ വികസനം ഞങ്ങളുടെ തിരഞ്ഞെടുപ്പ് പത്രികയുടെ ഭാഗമായിരുന്നു. ആസ്ബറ്റോസ് മേല്‍ക്കൂരയിലുളള പഴയ കെട്ടിടം തകർച്ചയുടെ വക്കിലായിരുന്നു. ഇത് രൂപകല്‍പ്പന ചെയ്യുകയെന്നത് അസാദ്ധ്യമായിരുന്നു. പക്ഷെ ഞങ്ങള്‍ അത് നടപ്പിലാക്കി. ആദ്യഘട്ടത്തില്‍ പദ്ധതിക്കായി 15 ലക്ഷമാണ് അനുവദിച്ചത്. എന്നാല്‍ നിർമാണം കൃത്യസമയത്ത് അവസാനിക്കാതെ വന്നതോടെ പത്ത് ലക്ഷം രൂപ കൂടി അനുവദിക്കേണ്ടി വന്നു'- അബ്ദുള്‍ മജീദ് പറഞ്ഞു.
