തിഹാര്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മുന്‍ പോപുലര്‍ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിനെ കുറിച്ച് മകള്‍ ലിന തബസ്സൂമിന്റെ വികാരഭരിതമായ കുറിപ്പ്.
അര്‍ബുദത്തോടൊപ്പം ഒന്‍പതോളം പലവിധ രോഗപീഡകളാല്‍ പ്രയാസപ്പെടുകയാണെന്ന് തന്റെ ഉപ്പയെന്ന് ലിന ഫേസ്ബുക്കില്‍ കുറിച്ചു. 73കാരനായ അദ്ദേഹത്തിന്റെ പ്രയാസങ്ങള്‍ എണ്ണിപ്പറയുന്ന ലിന രാജ്യത്ത് സ്റ്റാന്‍ സാമിമാര്‍ ആവര്‍ത്തിക്കുകയാണോ എന്ന ആശങ്കയും കുറിപ്പില്‍ പങ്കുവെക്കുന്നു.
ഇന്നലെ, വിഡിയോ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെ വാപ്പ വെള്ളം കുടിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ഭീകരമായ അവസ്ഥയായിരുന്നു അന്നേരം സ്‌ക്രീനില്‍ കണ്ടത്- ലിന പറയുന്നു.
'കൈകള്‍ക്ക് നല്ല വിറയല്‍ അനുഭപ്പെടുന്ന അവസ്ഥയില്‍, വളരെ പ്രയാസപ്പെട്ടാണ് വാപ്പ ആ ചെറിയ ബോട്ടില്‍ വെള്ളം ചുണ്ടോടടുപ്പിക്കുന്നത്... സ്റ്റാന്‍സ്വാമിമാര്‍ ആവര്‍ത്തിക്കപ്പെടുകയാണോ...!?' -ഫേസ്ബുക് കുറിപ്പില്‍ ചോദിച്ചു. വിചാരണയോ ജാമ്യമോ ഇല്ലാതെയാണ് ജയിലില്‍ കഴിയുന്നത്. 'ജാമ്യമാണ് നിയമം, ജയില്‍ അപവാദം' എന്നാണ് കോടതി നിരീഷണം. പക്ഷേ, നീതിപീഠങ്ങള്‍ കണ്ണ് കെട്ടിയിരിക്കുന്നു -ലീന പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം :
ഇന്ന്, ഓഗസ്റ്റ് 15- നമ്മുടെ രാജ്യത്തിന്റെ 79ആം സ്വാതന്ത്ര്യദിനാഘോഷ പുലരിയില്‍ സ്മൃതിപഥത്തില്‍ നിറയുന്നത്, 2022സെപ്റ്റംബര്‍ 22 അര്‍ദ്ധരാത്രി അന്യായമായി പാരതന്ത്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ട,എന്റെ പ്രിയപ്പെട്ട വാപ്പയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമാണ്. വാപ്പയോടൊപ്പമുള്ള, ഞങ്ങളുടെ സ്വതന്ത്ര ദിനങ്ങളാണ്... വാപ്പയും ഉമ്മച്ചിയും ഞങ്ങള്‍ മക്കള്‍ ഏഴുപേരും വാപ്പയുടെ പ്രിയപ്പെട്ട 'പാരക്കിടാങ്ങളും' ചേര്‍ന്നുള്ള ആനന്ദ നിമിഷങ്ങള്‍.
എന്റെ - ഞങ്ങളുടെ - പ്രാര്‍ത്ഥനകളില്‍ നിറഞ്ഞ് നില്‍ക്കുന്നതും ഞങ്ങളുടെ പുനഃസ്സമാഗമമാണ്. യാത്രകള്‍ കഴിഞ്ഞ് തിരിച്ചെത്തുമ്ബോള്‍, ഞങ്ങള്‍ ഒത്തുകൂടാറുള്ള വാപ്പയുടെ റൂമിലെ വെറും നാലടി മാത്രം വിസ്തൃതിയുള്ള വാത്സല്യത്തിന്റെ ഊഷ്മളതയില്‍ 'വിശാലമായ' ആ ബെഡില്‍, വാപ്പയുടെ കയ്യും കാലും തലയും മസാജ് ചെയ്ത് കൊണ്ട്,മക്കളും മരുമക്കളും പേരക്കുട്ടികളും -കഥകളാലും പൊട്ടിച്ചിരികളാലും നിറഞ്ഞ ആ സന്ധ്യകളും ഇനിയുമുണ്ടാവണമെന്നാണ്.
ഇന്നലെ, വീഡിയോ മുലാഖാത്തില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ, വാപ്പ വെള്ളം കുടിക്കാനുള്ള ശ്രമത്തിലായിരുന്നു.... പാര്‍ക്കിന്‌സണ്‍സ് രോഗത്തിന്റെ ഭീകരമായ അവസ്ഥയായിരുന്നു അന്നേരം ഞങ്ങള്‍ സ്‌ക്രീനില്‍ കണ്ടത്. കൈകള്‍ക്ക് നല്ല വിറയല്‍ അനുഭപ്പെടുന്ന അവസ്ഥയില്‍, വളരെ പ്രയാസപ്പെട്ടാണ് വാപ്പ ആ ചെറിയ ബോട്ടില്‍ വെള്ളം ചുണ്ടോടടുപ്പിക്കുന്നത്...സ്റ്റാന്‍സ്വാമിമാര്‍ ആവര്‍ത്തിക്കപ്പെടുകയാണോ...!?
അര്‍ബുദത്തോടൊപ്പം ഒന്‍പതോളം പലവിധ രോഗപീഡകളാല്‍ പ്രയാസപ്പെടുന്ന, കാരാഗ്രഹത്തില്‍ അടക്കപ്പെട്ട വാപ്പ! സഹയാത്രികരോ ശുശ്രൂഷകരോ ഇല്ലാത്ത ജീവിതം. പാര്‍ക്കിന്‍സന്‍സ് അസുഖത്തിന്റെ ഫലമായി പേശിദൃഢതയാല്‍ കൈകാലുകള്‍ ചലിപ്പിക്കാന്‍ പറ്റാത്ത അവസ്ഥ! പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിന് പരസഹായം ആവശ്യമുള്ളയാള്‍. ആമാശയത്തിന്റെ സിംഹഭാഗവും നീക്കം ചെയ്യപ്പെട്ടതിനാല്‍ ഭക്ഷണം നിശ്ചിത ഇടവേളകളില്‍ വളരെ കുറച്ച് മാത്രമേ കഴിക്കാന്‍ പറ്റുകയുള്ളൂ വെന്നും അത് തന്നെ, ചിലപ്പോഴൊക്കെ തികട്ടി പുറത്തേക്ക് വരുമെന്നും അനുദിനം കാഴ്ച മങ്ങിക്കൊണ്ടിരിക്കുന്ന ഡയബെറ്റിക് റെറ്റിനോപ്പതി ബാധിതനാണെന്നും Type 2 ഡയബെറ്റിക് രോഗിയാണെന്നും ഇക്കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി, രാജ്യത്തെ പരമോന്നത നീതിപീഠത്തിലടക്കം നീതിപീഠങ്ങളില്‍ നിരന്തരം സമര്‍പ്പിക്കപ്പെട്ടുവെങ്കിലും പരിഗണനയില്‍ വന്നില്ല...!
അസുഖങ്ങളോരോന്നും ഗുരുതരമാണെന്നിരിക്കെ, അതില്‍ ഒന്ന് മാത്രം ഒരാള്‍ക്ക് ബാധിച്ചുവെന്നാല്‍ പോലും വളരെ പ്രയാസകരമായിരിക്കുമെന്നിരിക്കെ, എഴുപത്തി മൂന്ന് വയസ്സുള്ള, വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ പേറുന്ന ഒരാളിലാണ് ഈ ഒന്‍പത് അസുഖങ്ങള്‍ എന്നത് ഗുരുതരമായ സാഹചര്യമാണെന്ന് ന്യായാധിപന്‍മാരുടെ ശ്രദ്ധയില്‍ പെടേണ്ടതുണ്ട്.
1058 ദിനരാത്രങ്ങള്‍ വിചാരണയോ ജാമ്യമോ ഇല്ലാതെ ജയിലില്‍! 'ജാമ്യമാണ് നിയമം, ജയില്‍ അപവാദം' എന്നാണ് കോടതി നിരീഷണം. പക്ഷേ, നീതിപീഠങ്ങള്‍ കണ്ണ് കെട്ടിയിരിക്കുന്നു...!? ഈ പ്രയാസങ്ങള്‍ക്കിടയിലും വാപ്പ അസ്വസ്ഥത പ്രകടിപ്പിച്ചില്ല. തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ നേരിട്ടു. വാപ്പ പറഞ്ഞു:' ജയിലിലും ഞാന്‍ മനുഷ്യരെ കണ്ടെത്തി.'.
എന്റെ വാപ്പ എന്നും പ്രസാദാത്മകമായ ജീവിതം നയിച്ചു. ജീവിതം അദ്ദേഹത്തിന് മന്ദഹാസമായിരുന്നു. ആ മന്ദഹാസം അവസാനം വരെ തുടരണമെന്നും,ആ മന്ദഹാസത്തില്‍ അവസാനിക്കണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടെന്നും എനിക്കറിയാം. എന്റെ പിതാവിനോടൊപ്പം എത്രപേര്‍?
യഥാര്‍ത്ഥത്തില്‍ അവര്‍ ജയിലില്‍ അടക്കാന്‍ ശ്രമിച്ചത് ഒരു ആദര്‍ശത്തെയാണ്. വേലികെട്ടി തടയാന്‍ ആയുന്നത് ജനാഭിമുഖ്യമുള്ള, സ്വതന്ത്രവും ഉല്‍ക്കര്‍ഷയും ഔന്നത്യവും കാംക്ഷിക്കുന്ന ഒരാശയത്തെയാണ്.അതിനെ ജയില്‍ ഭിത്തികള്‍ക്ക് തടയാനോ അതിന്റെ പ്രസരണത്തെ വേലികെട്ടി തടുത്തു നിര്‍ത്താനോ സാധ്യമാകുമോ?! വാപ്പ ഉള്‍പ്പെടെയുള്ള മുഴുവന്‍ രാഷ്രീയ തടവകാരുടെയും ജയില്‍ മോചനത്തിന് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാനുഷിക മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്നവരുടെയും ഇടപെടലുകളും സ്വതന്ത്ര ചിന്തകളും ഉണ്ടാവുമെന്ന് ഈ സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ പ്രത്യാശിക്കുന്നു.
