Type Here to Get Search Results !

നിമിഷ പ്രിയയുടെ മോചനത്തിനുള്ള കേന്ദ്ര ഇടപെടല്‍ തേടിയ ഹരജി എട്ടാഴ്ചത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: യമൻ പൗരനെ കൊലപ്പെടുത്തിയതിന് വധശിക്ഷ വിധിക്കപ്പെട്ട് സൻആയിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനുള്ള കേന്ദ്ര സർക്കാർ ഇടപെടലിനായി സേവ് നിമിഷപ്രിയ ഇന്റർനാഷനല്‍ ആക്ഷൻ കമ്മിറ്റി സമർപ്പിച്ച ഹരജി സുപ്രീംകോടതി എട്ടാഴ്ചത്തേക്ക് മാറ്റി.
അടിയന്തരമായ സാഹചര്യങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അതിനിടയില്‍ ഹരജിക്കാർക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.

അറ്റോണി ജനറല്‍ ആർ. വെങ്കിട്ട രമണി ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്. യമനില്‍ മോചനത്തിനുള്ള മധ്യസ്ഥ ചർച്ചകള്‍ നടക്കുന്നുണ്ടന്ന് ആക്ഷൻ കമ്മിറ്റിയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ യാത്രാ നിരോധനം നിലനില്‍ക്കുന്ന യമനിലേക്ക് നിമിഷപ്രിയയുടെ മോചന ചർച്ചക്കായി പോകാൻ സർക്കാറിന് അപേക്ഷ നല്‍കാൻ ആക്ഷൻ കമ്മിറ്റിക്ക് സുപ്രീംകോടതി അനുവാദം നല്‍കിയിരുന്നു.

തുടർന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ രണ്ട് പ്രതിനിധികളടക്കം ആറ് പേർക്ക് ആക്ഷൻ കൗണ്‍സില്‍ അനുമതി തേടിയിരുന്നുവെങ്കിലും കേന്ദ്ര വിദേശ മന്ത്രാലയം അനുമതി നല്‍കിയിരുന്നില്ല.