തൃശൂർ കോർപ്പറേഷന്റെ ബിനി ടൂറിസ്റ്റ് ഹോം നടത്തിപ്പിനെതിരെ ഹർജി നല്‍കിയ ആറ് ബിജെപി കൗണ്‍സിലർമാർക്കും അഭിഭാഷകനായ അഡ്വ.
കെ. പ്രമോദിനും ഹൈക്കോടതി 10 ലക്ഷം രൂപ പിഴ വിധിച്ചു. ബിനി ഹെറിറ്റേജിന്റെ നടത്തിപ്പിനെതിരെ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹർജി അനാവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് അമിത് റവാള്‍, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ 10 ലക്ഷം രൂപ പിഴ വിധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കൗണ്‍സിലർമാർ ചേർന്ന് 5 ലക്ഷവും അഡ്വ. കെ. പ്രമോദ് 5 ലക്ഷവും ഒരു മാസത്തിനകം അടയ്ക്കണമെന്ന് കോടതി നിർദേശിച്ചിരിക്കുന്നത്.
തൃശൂർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം പി.എസ്. ജനീഷ് എന്ന വ്യക്തിക്ക് വാടകയ്ക്ക് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു ബിജെപി കൗണ്‍സിലർമാർ ഹർജി നല്‍കിയിരുന്നത്. എന്നാല്‍, കോർപ്പറേഷന്റെ ഈ നടപടി നിയമപരമാണെന്നും, വരുമാനം ലഭിക്കുന്നതിനും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതുമായ പ്രവർത്തിയാണെന്നും കോടതി വിലയിരുത്തി. ഹർജിക്കാർ പ്രതികാര മനോഭാവത്തോടെയാണ് കോടതിയെ സമീപിച്ചതെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. അനാവശ്യ ഹർജിയിലൂടെ കോടതിയുടെ സമയം പാഴാക്കിയതാണ് പിഴ വിധിക്കാൻ കാരണമായത്.വിനോദ് പൊള്ളഞ്ചേരി,പൂർണിമ സുരേഷ്,വി. ആതിര,എം.വി. രാധിക,കെ.ജി. നിജി,എൻ. പ്രസാദ് എന്നി പിഴ കൗണ്‍സിലർമാർക്കാണ് ശിക്ഷ ലഭിച്ചത്.
ബിനി ടൂറിസ്റ്റ് ഹോം
തൃശൂർ കോർപ്പറേഷന്റെ ഗസ്റ്റ് ഹൗസാണ് ബിനി ടൂറിസ്റ്റ് ഹോം. പ്രമുഖ അബ്കാരിയായിരുന്ന വി.കെ. അശോകന്റെ ഭാര്യ ഓമന അശോകൻ 1990 മുതല്‍ 2020 വരെ ഈ ഗസ്റ്റ് ഹൗസ് കരാറില്‍ നടത്തിയിരുന്നത്. 2020-ല്‍ കെട്ടിടം കോർപ്പറേഷന് തിരികെ നല്‍ക്കുകയായിരുന്നു. പിന്നീട് 2020 ഒക്ടോബർ, നവംബർ, 2021 ഫെബ്രുവരി, മാർച്ച്, നവംബർ, 2022 എന്നി വർഷങ്ങളില്‍ ടെൻഡർ വിളിച്ചെങ്കിലും ആരും ഏറ്റെടുക്കാൻ തയ്യാറായില്ല. 2020-ല്‍ നടന്ന പൊതുലേലത്തില്‍ പി.എസ്. ജനീഷ് 7.25 ലക്ഷം രൂപ മാസവാടകയ്ക്ക് കെട്ടിടം ഏറ്റെടുത്തു. പിന്നീട് കോർപ്പറേഷനുമായുള്ള ചർച്ചയില്‍ വാടക 7.50 ലക്ഷമായി ഉയർത്തി. മൂന്ന് വർഷത്തിലൊരിക്കല്‍ വാടക വർധനവ് വരുത്താനും തീരുമാനമെടുത്തു.
ജനീഷ് ഏകദേശം 3 കോടി രൂപ ചെലവഴിച്ച് കെട്ടിടം പുതുക്കിപ്പണിത് ബിനി ഹെറിറ്റേജ് എന്ന പേര് നല്‍കി. എന്നാല്‍, സിപിഎം നേതാക്കള്‍ ഇടപെട്ട് ഗസ്റ്റ് ഹൗസ് ഇഷ്ടപ്പെട്ടവർക്ക് നല്‍കിയെന്നും, കോർപ്പറേഷൻ വഴിവിട്ട് സഹായം നല്‍കിയെന്നും ആരോപിച്ച് ബിജെപി കൗണ്‍സിലർമാർ പ്രക്ഷോഭം നടത്തുകയായിരുന്നു. കോർപ്പറേഷൻ ഗസ്റ്റ് ഹൗസ് തിരികെ ഏറ്റെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ നിലപാട്
നിയമപരമായാണ് ബിനി ടൂറിസ്റ്റ് ഹോം വാടകയ്ക്ക് നല്‍കിയതെന്ന് ഹൈക്കോടതി കണ്ടെത്തി. ഹർജിക്കാർ മേയർക്കും ഭരണപക്ഷത്തിനുമെതിരെ വ്യക്തിപരമായ അജണ്ടകളും, കരാറുകാരനായ ജനീഷിനോടുള്ള വൈരാഗ്യവും കാരണമാണ് ഹർജി നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. സിംഗിള്‍ ബെഞ്ച് കരാറുകാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചെങ്കിലും, അഡ്വ. കെ. പ്രമോദ് ഡിവിഷൻ ബെഞ്ചില്‍ വീണ്ടും ഹർജി നല്‍കിയത് പിഴ വിധിക്കാൻ കാരണമായി.
