Type Here to Get Search Results !

നിമിഷ പ്രിയ കേസ്: വധശിക്ഷ നടപ്പാക്കണം, സമ്മര്‍ദ്ദവും മധ്യസ്ഥ ശ്രമങ്ങളും അംഗീകരിക്കില്ലെന്ന് യെമനി കുടുംബം




 ഇതൊന്നും ഞങ്ങളുടെ നിലപാടില്‍ ഒരു വിധ മാറ്റവുമുണ്ടാക്കിയിട്ടില്ല, ഞങ്ങളുടെ ആവശ്യം സുവ്യക്തമാണ്; അത് എന്തു തന്നെയായാലും പ്രതിക്ക് വധശിക്ഷ നടപ്പാക്കുക എന്ന ഒറ്റക്കാര്യം മാത്രമാണ്.`

സൻആ - യെമനി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയക്ക് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ഇക്കാര്യത്തിൽ സമ്മർദങ്ങളും മധ്യസ്ഥശ്രമങ്ങളും അനുരഞ്ജന ശ്രമങ്ങളും ഒരിക്കലും അംഗീകരിക്കില്ലെന്നും കൊല്ലപ്പെട്ട യെമനി പൗരൻ തലാലിൻ്റെ കുടുബം വ്യക്തമാക്കി. നിമിഷ പ്രിയയക്ക് മാപ്പ് ലഭ്യമാക്കാൻ നടക്കുന്ന മധ്യസ്ഥശ്രമങ്ങളെയും അനുരഞ്ജന ശ്രമങ്ങളെയും കുറിച്ച് ഇപ്പോൾ കേൾക്കുന്ന റിപ്പോർട്ടുകളും നടക്കുന്ന ശ്രമങ്ങളും പുതിയ കാര്യമല്ലെന്നും ഇത് അപ്രതീക്ഷിതവുമല്ലെന്നും തലാലിന്റെ കുടംബാംഗം അബ്ദുൽഫത്താഹ് മഹ്ദി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കേസിന്റെ തുടക്കം മുതൽ കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇക്കാര്യത്തിൽ രഹസ്യ ശ്രമങ്ങളുണ്ടായിരുന്നു. കുടുംബത്തിനു മേൽ വലിയ തോതിൽ സമ്മർദങ്ങളുണ്ടായി. നിരവധി പേർ മധ്യസ്ഥശ്രമങ്ങളുമായി സമീപിച്ചു. ഇതിൽ ചിലത് പരസ്യമായിരുന്നു. ഇതേ കുറിച്ച് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇത് സ്വാഭാവികവും പ്രതീക്ഷിക്കപ്പെടുന്നതുമാണ്. ഒരർഥത്തിലല്ലെങ്കിൽ മറ്റൊരു അർഥത്തിൽ, പ്രതിക്ക് മാപ്പ് നൽകുന്നതിനു പകരം നിരവധി ഓഫറുകൾ കഴിഞ്ഞ വർഷങ്ങൾക്കിടെ ഞങ്ങൾക്കു മുന്നിൽ എത്തി. ഇതൊന്നും ഞങ്ങളുടെ നിലപാടിൽ ഒരുവിധ മാറ്റവുമുണ്ടാക്കിയിട്ടില്ല
ഞങ്ങളുടെ ആവശ്യം സുവ്യക്തമാണ്. അത് എന്തുതന്നെയായാലും പ്രതിക്ക് വധശിക്ഷ നടപ്പാക്കുക എന്ന ഒറ്റക്കാര്യം മാത്രമാണ്.

ഇപ്പോൾ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുന്നു. ഖേദകരമെന്ന് പറയട്ടെ ഇത് ഞങ്ങൾ പ്രതീക്ഷിച്ചതല്ല. എല്ലാ തരത്തിലുമുള്ള അനുരഞ്ജന ശ്രമങ്ങൾ ഞങ്ങൾ തീർത്തും നിരാകരിക്കുന്ന കാര്യം ഇപ്പോൾ വധശിക്ഷ നീട്ടിവെച്ചവർക്കു തന്നെ അറിയാവുന്നതാണ്.

ഇപ്പോൾ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുന്നു. ഖേദകരമെന്ന് പറയട്ടെ ഇത് ഞങ്ങൾ പ്രതീക്ഷിച്ചതല്ല. എല്ലാ തരത്തിലുമുള്ള അനുരഞ്ജന ശ്രമങ്ങൾ ഞങ്ങൾ തീർത്തും നിരാകരിക്കുന്ന കാര്യം ഇപ്പോൾ വധശിക്ഷ നീട്ടിവെച്ചവർക്കു തന്നെ അറിയാവുന്നതാണ്. ശിക്ഷ നടപ്പാക്കാനുള്ള തീയതി നിശ്ചയിച്ച ശേഷം ശിക്ഷ നീട്ടിവെച്ചത് ഏറ്റവും ദുഷ്കരമായ കാര്യമാണ്. ശിക്ഷ നടപ്പാക്കുന്നതു വരെ കേസ് ഞങ്ങൾ വിടാതെ പിന്തുടരും. ശിക്ഷ നീട്ടിവെച്ചത് ഞങ്ങളെ പിന്തിരിപ്പിക്കില്ല. സമ്മർദങ്ങൾ ഞങ്ങളെ കുലുക്കില്ല. രക്തം പണം കൊടുത്ത് വാങ്ങാൻ കഴിയില്ല. നീതി വിസ്മരിക്കാൻ സാധിക്കില്ല. എത്ര നീണ്ട പാതയാണെങ്കിലും പ്രതികാരം നടക്കുക തന്നെ ചെയ്യും ഇത് സമയത്തിന്റെ കാര്യം മാത്രമാണ്. സഹായം അല്ലാഹുവിൽ നിന്നാണ് -വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ച വിവരം അറിയിച്ച് അധികൃതരിൽ നിന്ന് ലഭിച്ച രേഖാമൂലമുള്ള നോട്ടീസ് സഹിതം ഫെയ്സ് ബുക്ക് പോസ്റ്റിൽ അബ്ദുൽഫത്താഹ് മഹ്‌ദി പറഞ്ഞു.

നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്നും വധശിക്ഷ നടപ്പാക്കണമെന്നുമുള്ള തങ്ങളുടെ ഉറച്ച നിലപാട് തലാലിന്റെ കുടുംബത്തിൽ ഒന്നിലധികം പേർ പലതവണ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിമിഷ പ്രിയയുടെ മോചനത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ യെമനിലെ സൂഫി പണ്ഡിതനുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമങ്ങൾ ഫലം കാണുന്നതിനിടെയാണ് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ തങ്ങൾ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായും ആരു തന്നെ എത്ര തന്നെ സമ്മർദങ്ങൾ ചെലുത്തിയാലും ഇതിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും കുടുംബം വ്യക്തമാക്കിയത്.

വധശിക്ഷ മാറ്റിവെച്ചതായി തങ്ങൾക്ക് ഇതേവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഫത്താഹ് മഹ്ദി ആവർത്തിച്ചു. വധശിക്ഷ നടപ്പാക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥരിൽനിന്ന് ശിക്ഷ മാറ്റിവെച്ചോ എന്ന് അന്വേഷിച്ച് അറ്റോർണി ജനറലിന് സന്ദേശം ലഭിച്ചതായും മഹ്ദി പറഞ്ഞു.