Type Here to Get Search Results !

മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുകയോ മോഷ്ടാക്കള്‍ കവർന്നതോ ആയ സംഭവങ്ങളില്‍ ഇനി ടെൻഷൻ വേണ്ട. കേരള പൊലീസ് ഈ ഫോണുകള്‍ കണ്ടെത്തി ഉടമയ്ക്ക് തിരിച്ചുനല്‍കും.


നഗരത്തിലെ ഫോർട്ട് സ്റ്റേഷൻ പരിധിയില്‍ ഇത്തരത്തില്‍ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്ത 30 പേരുടെ ഫോണുകള്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി ഉടമകള്‍ക്ക് കൈമാറി.

ഡെപ്യൂട്ടി കമ്മീഷണർമാരായ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, ഫറാഷ് റ്റി എന്നിവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ വച്ചായിരുന്നു ഉടമസ്ഥർക്ക് കൈമാറിയത്. അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളാണ് ഫോർട്ട് പൊലീസ് കണ്ടെത്തിയത്.

ഈസ്റ്റ്ഫോർട്ട്, പഴവങ്ങാടി ഭാഗങ്ങളില്‍ നിന്നും മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഫോർട്ട് എസ്.എച്ച്‌.ഒ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഒഫീസർമാരായ ശ്രീജിത്ത്, രതീഷ് എന്നിവർ ചേർന്നു CEIR പോർട്ടലില്‍ രജിസ്റ്റർ ചെയ്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഐഎംഇഐ -ലൊക്കേഷൻ എന്നിവ ട്രേസ് ചെയ്ത് ഫോണുകള്‍ കണ്ടെത്തുകയായിരുന്നു.