യെമൻ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കുമെന്ന അറിയിപ്പ് നില്‍ക്കെ ഇന്നത്തെ ദിനം നിർണായകം.
കൊല്ലപ്പെട്ട യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിന്റെ കുടുംബം ഇന്ന് നിലപാട് അറിയിക്കുമെന്നാണ് സൂചന. വധശിക്ഷ ഒഴിവാക്കാനുള്ള ചർച്ചകള്‍ തുടരുകയാണ്. ഇന്നലെ നടന്ന ചർച്ചയില്‍ ദിയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നതില്‍ കൊല്ലപ്പെട്ട തലാലിന്റ കുടുംബം പ്രതികരിച്ചിട്ടില്ല. കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനിലെ സുന്നി പണ്ഡിതനാണ് തലാലിന്റെ കുടുംബവുമായി ആദ്യഘട്ട ചർച്ച നടത്തിയത്.
നോർത്ത് യമനില്‍ നടക്കുന്ന അടിയന്തിര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് പങ്കെടുത്തത്. ബ്ലഡ് മണിക്ക് സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നല്‍കണം എന്നായിരുന്നു ചർച്ചയിലെ നിർദേശം.
പരമാവധി കാര്യങ്ങള്‍ ചെയ്തുവെന്നും വിഷയത്തില്‍ കൂടുതല്‍ ഇടപെടാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ദിയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശം നല്‍കി. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.
സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സില്‍ സമർപ്പിച്ച ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്ബാകെയാണ് ഹർജി എത്തുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും എന്നാണ് യെമെനില്‍ നിന്നും അവസാനമായി ലഭിച്ച വിവരം. ഇത് മരവിപ്പിക്കാനും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്രസർക്കാർ ഇടപെടല്‍ തേടി അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ ആണ് ഹർജി നല്‍കിയിരിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ പരമാവധി ശ്രമങ്ങള്‍ തുടരുകയാണെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചത്.
വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കുമെന്ന അറിയിപ്പ് ഔദ്യോഗികമായി യെമൻ പുറത്തുവിട്ടിരുന്നു. നിലവില്‍ മോചന ശ്രമങ്ങള്‍ക്കായി ഒരാഴ്ച സമയം മാത്രമാണ് ഉള്ളത്. കൊല്ലപ്പെട്ട യെമൻ പൗരൻറെ കുടുംബത്തിന് ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങള്‍ സങ്കീർണ്ണമാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിശദീകരണം. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ തടവില്‍ കഴിയുന്നത്. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനില്‍ ജോലി ചെയ്യുന്നതിനിടെ യെമനി പൗരനെ തലാല്‍ അബ്ദു മെഹദിയെ കൊലപ്പെടുത്തി എന്നാണ് കേസ്.
കുടുംബം മാപ്പ് നല്‍കിയാല്‍ വധശിക്ഷ റദ്ദാക്കാനാകും. സൗദിയിലെ ഇന്ത്യൻ എംബസിയാണ് നിലവില്‍ യെനിലെ ഇന്ത്യൻ എംബസി പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിമിഷ തടവില്‍ കഴിയുന്ന മേഖലയുള്‍പ്പടെ ഹൂത്തി നിയന്ത്രിത മേഖലയായതും നേരിട്ടുള്ള ഇടപെടലുകള്‍ക്ക് പരിമിതിയാണ്.നിമിഷപ്രിയയ്ക്കായി യെമനില്‍ നിയമനടപടികള്‍ ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തകൻ സാമുവല്‍ ജെറോമാണ് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസില്‍ നിന്ന് ജയില്‍ അധികൃതർക്ക് വധ ശിക്ഷ നടപ്പാക്കുന്നുവെന്ന ഉത്തരവെത്തിയതായി അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുന്നതിനിടെയാണ് ഈ ഉത്തരവ് ജയിലില്‍ ലഭിച്ചത്. അതേസമയം, ഇപ്പോഴും മോചനത്തിന് അവസരമുണ്ടെന്നാണ് സാമുവല്‍ ജെറോം പറയുന്നത്. പത്ത് ലക്ഷം ഡോളർ ദയാധനം (ഏകദേശം 8 കോടിയിലധികം രൂപ ) നല്‍കിയാല്‍ ഇത് സാധ്യമാകുമെന്നാണ് സൂചന. യെമൻ പൗരൻറെ കുടുംബത്തെ നേരില്‍ക്കണ്ട് ചർച്ച നടത്തുന്നതിനായി നിമിഷയുടെ അമ്മ ഇപ്പോഴും യെമനില്‍ തുടരുകയാണ്. കുടുംബത്തിലെ എല്ലാ അംഗങ്ങളും മാപ്പുനല്‍കാന്‍ തയ്യാറായാല്‍ മാത്രമേ മോചനം സാധ്യമാകൂ.
