Type Here to Get Search Results !

ഇതാണ് ദ്രാവിഡ മോഡല്‍ ജനക്ഷേമം, തമിഴ്നാട്ടില്‍ വൈദ്യുതി നിരക്ക് കൂട്ടി; അധികഭാരം ജനം വഹിക്കേണ്ട!


തമിഴ്നാട്ടില്‍ വൈദ്യതി നിരക്കില്‍ 3.16% വർദ്ധിപ്പിച്ച്‌ റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. പക്ഷേ,ആ അധികഭാരം സർക്കാർ അങ്ങ് ഏറ്റെടുത്തു.

ജനത്തിന് അധികമായി ഒരു പൈസ പോലും നല്‍കേണ്ട. ഗാർഹിക വൈദ്യുതി ഉപയോക്താക്കള്‍ക്ക് അടക്കമുള്ള അധിക നിരക്ക് വൈദ്യുതി വിതരണ കോർപറേഷന് സർക്കാർ സബ്സിഡിയായി നല്‍കും. ഇതാണ് ദ്രവിഡ മോഡല്‍!

കഴിഞ്ഞ തവണ വൈദ്യുതി നിരക്കില്‍ വർദ്ധന വന്നപ്പോഴും സംസ്ഥാന സർക്കാർ ഇതേ രീതി തന്നെയാണ് സ്വീകരിച്ചത്.

ദ്വൈമാസ ഉപഭോഗം 500 യൂണിറ്റ് കവിയാത്ത ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍, 50 കിലോവാട്ട് വരെ കണക്ടഡ് ലോഡുള്ള ലോ ടെൻഷൻ വ്യവസായങ്ങള്‍, കോട്ടേജ്, പവർലൂം വ്യവസായങ്ങള്‍ എന്നിവയുടെ കൂടിയ നിരക്കും സബ്സിഡിയായി നല്‍കും. ഗാർഹിക ഉപയോക്താക്കള്‍ക്ക് ആദ്യ 100 യൂണിറ്റ് സൗജന്യ വൈദ്യുതി തമിഴ്നാട്ടില്‍ സൗജന്യമാണ്. ഇത്തരം സൗജന്യങ്ങള്‍ മാറ്രമില്ലാതെ തുടരും.

ഇതോടെ സർക്കാരിന് 519.84 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഉപഭോക്തൃ വില സൂചിക (സി.പി.ഐ)യുടെ അടിസ്ഥാനത്തില്‍ 2022 മുതല്‍ എല്ലാ വർഷവും സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നുണ്ട്. അതത് വർഷത്തെയും മുൻപത്തെ വർഷത്തെയും ഏപ്രില്‍ മാസങ്ങളിലെ വില സൂചിക താരതമ്യം ചെയ്താണ് നിരക്ക് കൂട്ടുന്നത്. എന്നാല്‍ കഴിഞ്ഞ വർഷവും ഇത്തവണയും ഗാർഹിക ഉപയോക്താക്കളെ ഇതു ബാധിക്കാതിരിക്കാൻ സർക്കാർ പ്രത്യേക പരിഗണന നല്‍കി. സബ്സിഡി ഇല്ലെങ്കില്‍ യൂണിറ്റിന് 15 മുതല്‍ 35 പൈസ വരെ വർദ്ധനയാണ് ഉണ്ടാകുക.