Type Here to Get Search Results !

സ്‌പെയിനിലെ ഇഎഎസ്‌എയില്‍നിന്ന് പൈലറ്റ് ലൈസൻസ് നേടുന്ന ആദ്യ മലയാളിയായി മലപ്പുറം സ്വദേശി


കുഞ്ഞായിരിക്കുമ്ബോള്‍ പിതാവ് വെളിയങ്കോട് സ്വദേശി ചന്തപ്പുറത്ത് സുബൈർ തന്റെ കംപ്യൂട്ടറില്‍നിന്നു കാണിച്ചുകൊടുത്ത വിമാനങ്ങളുടെ വീഡിയോയില്‍നിന്നായിരുന്നു മകൻ ആദില്‍ സുബിക്ക് പൈലറ്റ് ആകണമെന്ന മോഹം മനസ്സില്‍ മൊട്ടിട്ടത്.

പിന്നീട് പലപ്പോഴും കംപ്യൂട്ടറിലും മൊബൈലിലും വിമാനം പറത്തുന്ന വീഡിയോകള്‍ കാണുന്നത് മാതാവ് റഫീബയാണ് ശ്രദ്ധിച്ചുതുടങ്ങിയത്. ഖത്തറില്‍ വ്യവസായികൂടിയായ പിതാവിനെ കാണാൻ കുടുംബവുമൊത്ത് ഖത്തറിലേക്കു പോകാനായി വിമാനത്തില്‍ യാത്രചെയ്തതുമുതല്‍ ആദില്‍ സുബിയുടെ ഉള്ളില്‍ മൊട്ടിട്ടുവളരുന്ന പൈലറ്റ് ആകണമെന്ന ആഗ്രഹം ഉപ്പയോടും ഉമ്മയോടും പങ്കുവെച്ചു. മകന്റെ ആഗ്രഹത്തിനൊപ്പം ഇവരും സഞ്ചരിക്കുകയായിരുന്നു. ഇതിനിടയിലാണ് യൂറോപ്പിലെതന്നെ ഒന്നാംനിരയോടു കിടപിടിക്കുന്ന സ്പെയിനിലെ ബാഴ്സലോണയിലുള്ള ഏവിയേഷൻ അക്കാദമിയായ ഇഎഎസ്‌എയെക്കുറിച്ച്‌ അറിയുന്നത്. കടകശ്ശേരി ഐഡിയല്‍ കോളേജില്‍നിന്ന് പ്ലസ്ടു പരീക്ഷയില്‍ മികച്ചവിജയം നേടിയതിനുശേഷമാണ് ബാഴ്സലോണയിലെ ഇഎഎസ്‌എയില്‍ പ്രവേശനം നേടുന്നത്.

മൂന്നുവർഷത്തോളം നീണ്ട പഠനത്തിനൊടുവില്‍ തന്റെ കുഞ്ഞുനാളിലെ സ്വപ്നം 22ാം വയസ്സില്‍ കൈപ്പിടിയില്‍ ഒതുക്കിയതിന്റെ സന്തോഷത്തിലാണ് ആദില്‍ സുബി. പൈലറ്റ് ലൈസൻസ് നേടുന്ന ആദ്യ വെളിയങ്കോട്ടുകാരനെന്ന നിലയില്‍ കുടുംബത്തോടൊപ്പം നാടും നാട്ടുകാരും ഒരുപോലെ ആഹ്ലാദത്തിലാണ്. സ്പെയിൻ ബാഴ്സലോണയിലെ ഇഎഎസ്‌എ അക്കാദമിയില്‍നിന്ന് പൈലറ്റ് ലൈസൻസ് നേടുന്ന ആദ്യ മലയാളിയും രണ്ടു ഇന്ത്യക്കാരില്‍ ഒരാളുമാണ് ആദില്‍ സുബി എന്ന അഭിമാനവുമുണ്ട്. തിയറിയും പ്രാക്ടിക്കലും പഠിച്ചും പറന്നുമായിരുന്നു പരിശീലനം. നിലവില്‍ 250 മണിക്കൂർ വിമാനം പറത്തിയതിനാല്‍ ഫ്രോസണ്‍ (എഫ്) എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ് (എടിപിഎല്‍) ആണ് ലഭിച്ചിരിക്കുന്നത്.

ഈ ലൈസൻസ് ഉപയോഗിച്ച്‌ യൂറോപ്പില്‍ ഫസ്റ്റ് ഓഫീസർ പൈലറ്റ് ആകാം. 1500 മണിക്കൂർ പൂർത്തിയാക്കുന്നതോടെ എടിപിഎല്‍ നേടാനാകും. ഇതോടെ ക്യാപ്റ്റൻ പൈലറ്റ് ആകാനാകും. ആദില്‍ സുബിയുടെ പ്രൈമറി പഠനം വെളിയങ്കോട് ഉമരിയിലും ഒരുവർഷം ഖത്തർ സ്കൂളിലും പിന്നീട് നാലാംക്ലാസ് മുതല്‍ പ്ലസ്ടു വരെ കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്കൂളിലുമായിരുന്നു. സഹോദരൻ അയാൻ സുബി കടകശ്ശേരി ഐഡിയല്‍ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ്.

ഉപ്പയുടെയും ഉമ്മയുടെയും പിന്തുണയില്ലായിരുന്നുവെങ്കില്‍ തന്റെ ഈ ആഗ്രഹം സ്വപ്നം മാത്രമായി മാറുമായിരുന്നുവെന്നും അവരുടെ ഉറച്ച പിന്തുണയാലാണ് തനിക്കൊരു പൈലറ്റാകാൻ സാധിച്ചതെന്നും പഠനം തുടരുമെന്നും ആദില്‍ സുബി പറഞ്ഞു
Tags