2022 ഫെബ്രുവരി 24ന് ആണ് മലപ്പുറം തൃക്കലങ്ങോട് പെരുമ്ബലത്തില്‍ സുരേഷിന്റെ മരുമകള്‍ ഹരിത ശരത്തിന്റെ വള നഷ്ടമാകുന്നത്.
വെറും വളയല്ല ഒന്നര പവൻ തൂക്കം വരുന്ന സ്വർണ വള. കൊണ്ടുപോയതാവട്ടെ ഒരു കാക്കയും. തിരിച്ച് കിട്ടില്ലയെന്ന് ഉറപ്പിച്ചിരുന്ന ആ വള മൂന്ന് വർഷങ്ങള്‍ക്കിപ്പുറം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് സുരേഷും കുടുംബവും.
മൂന്ന് കഷ്ണങ്ങളാക്കിയ നിലയിലാണ് കാക്കക്കൂട്ടില്‍ നിന്നും വള ലഭിച്ചത്. തന്റെ കൂട് അലങ്കരിക്കാൻ എന്ന വണ്ണം കാക്ക അത് കൂട്ടില്‍ ഭദ്രമായി വെച്ചിരുന്നു.വിവാഹ നിശ്ചയത്തിന് ശരത് അണിയച്ച ഒന്നര പവൻ തൂക്കം വരുന്ന സ്വർണ വള തുണി അലക്കുന്ന സമയത്ത് വീട്ടിലെ കുളിമുറിയ്ക്കു സമീപത്തുള്ള കല്ലില്‍ ഊരി വച്ചതായിരുന്നു ഹരിത. ഈ സമയത്താണ് ഹരിതയുടെ കണ്ണുവെട്ടിച്ച് കാക്ക വള കൊത്തിക്കൊണ്ടു പോയത്. വീട്ടുകാർ ദിവസങ്ങളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
എന്നാല്‍ കഴിഞ്ഞ മാസം മാങ്ങ പറിക്കാൻ കയറിയപ്പോള്‍ നാട്ടുകാരനായ ചെറുപള്ളി അൻവർ സാദത്തിനു മുറിഞ്ഞു കിടക്കുന്ന വളക്കഷ്ണങ്ങള്‍ കാക്ക കൂട്ടില്‍ നിന്നു ലഭിക്കുകയായിരുന്നു. വളയുടെ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പിക്കാൻ പറഞ്ഞ് അദ്ദേഹം തൃക്കലങ്ങോട് പൊതുജനവായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറി ഇ.വി.ബാബുരാജിന് വള കൈമാറി. വള കിട്ടിയ വിവരം അറിയിച്ച് വായനശാലയില്‍ മെയ് മാസം നോട്ടിസ് പ്രദർശിപ്പിച്ചു. തെളിവു സഹിതം വരുന്നവർക്ക് വള നല്‍കുമെന്നായിരുന്നു അറിയിപ്പ്. വിവരം സുരേഷിന്റെ അടുക്കലെത്തി. വള വാങ്ങിയ പെരിന്തല്‍മണ്ണയിലെ ജ്വല്ലറിയിലെ ബില്‍, വള അണിയിക്കുന്ന ഫോട്ടോ അടങ്ങിയ ആല്‍ബം തുടങ്ങിയവ തെളിവായി കാണിച്ചുകൊണ്ട് നഷ്‌ടമായ വള കഴിഞ്ഞ ദിവസം സുരേഷും കുടുംബവും തിരികെ വാങ്ങി.
