യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കാന്‍ റെയില്‍വേ.
പാസഞ്ചര്‍ കോച്ചുകളില്‍ ഘടിപ്പിച്ച് നടത്തിയ പരീക്ഷണം വിജയകരമായ പശ്ചാത്തലത്തിലാണ് എല്ലാ കോച്ചുകളിലും സിസിടിവി വയ്ക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ട്രെയിനുകളില്‍ ഓരോ കോച്ചിലും 4 സിസിടിവി കാമറകളാകും സ്ഥാപിക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയമായതിനു പിന്നാലെയാണ് ഇത്. ഒരു കോച്ചില്‍ നാലും എന്‍ജിനില്‍ ആറും കാമറകള്‍ വീതം ഘടിപ്പിക്കും. കുറഞ്ഞ വെളിച്ചത്തിലും, 100 കിലോമീറ്റര്‍ വരെ വേഗതയിലും പ്രവര്‍ത്തിക്കുന്ന 360 ഡിഗ്രി കാമറയാണ് ഘടിപ്പിക്കുന്നത്.
കോച്ചുകളില്‍ വാതിലിനടുത്തും പൊതുസ്ഥലത്തുമാകും കാമറ ഘടിപ്പിക്കുക. യാത്രക്കാരുടെ സുരക്ഷ പ്രശ്‌നത്തിന് ഇത് പരിഹാരമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. യാത്രക്കാര്‍ ഒരുപോല കടന്നുപോകുന്ന വാതിലിനടുത്താണ് കാമറകള്‍ ഘടിപ്പിക്കുക.സംഘം ചേര്‍ന്നെത്തുന്നവര്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അക്രമം നടത്തുന്നതുമൊക്കെ കുറയുന്നതിന് ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. യാത്രക്കാരുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന തരത്തിലാകും കാമറ സ്ഥാപിക്കുക.
74,000 കോച്ചുകളിലും 15,000 എന്‍ജിനുകളിലും കാമറ ഘടിപ്പിക്കാനാണ് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. കാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
