⭕ വയനാട്ടിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ. ചൂരൽമലയോട് ചേർന്നുള്ള മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയെ തുടർന്ന് കരിമറ്റം വനത്തിനുള്ളിൽ മണ്ണിടിച്ചിലുണ്ടായി.
മെയ് 28ന് പെയ്ത കനത്ത മഴയില്‍ വനത്തിനുള്ളില്‍ മണ്ണിടിച്ചിലുണ്ടായെങ്കിലും മെയ് 30ന് ആണ് അധികൃതർ വിവരം അറിഞ്ഞത്.മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജിയോളജിസ്റ്റ്-വനംവകുപ്പ് സംയുക്ത സംഘം പരിശോധന നടത്തി. മലയുടെ മലപ്പുറം ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മണ്ണിടിച്ചിലുണ്ടായ മലയുടെ ഭാഗത്ത് ജനവാസം ഇല്ലെന്നും സംഭവത്തില്‍ ആളപായം ഇല്ലെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.
അതേസമയം, കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ വിവിധ ജില്ലകളില്‍ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ മധ്യ-തെക്കൻ മേഖലകളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് മഴ വീണ്ടും കടുത്തേക്കും; നാളെ 4 ജില്ലകളില്‍ യെല്ലോ അലർട്ട്
പിന്നീട് വടക്കൻ ജില്ലകളിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ തൃശൂർ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. മണിക്കൂറില്‍ 40 കിലോ മീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, ഇടുക്കി, കാസർകോട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയുണ്ടാകുമെന്നും കേന്ദ്രാ കാലവസ്ഥാ വകുപ്പ് അറിയിപ്പില്‍ വ്യക്തമാക്കുന്നു. ജൂണ്‍ 10ന് ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലും ജൂണ്‍ 11ന് ആലപ്പുഴ, തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും ജൂണ്‍ 12ന് എറണാകുളം, തൃശൂർ, ആലപ്പുഴ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
