തിരൂരിനെ ഭീതിയിലാഴ്ത്തി മുഖംമൂടി കവർച്ചസംഘം; മുഖംമൂടിയിട്ട് മാരകായുധങ്ങളുമായി വീടുകൾക്കുചുറ്റും രാത്രി കവർച്ചക്ക് നടക്കുന്നവരുടെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തിരൂർ: തിരൂരിനെ ഭീതിയിലാഴ്ത്തി തൃക്കണ്ടിയൂരിൽ വീണ്ടും മുഖംമൂടി കവർച്ചസംഘമെത്തി. മുഖംമൂടിയിട്ട് മാരകായുധങ്ങളുമായി വീടുകൾക്കുചുറ്റും രാത്രി കവർച്ചക്ക് നടക്കുന്നവരുടെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ആധാരമെഴുത്തുകാരനായ വെളിയമ്ബാട്ട് ശിവശങ്കരൻ നായരുടെ വീട് കുത്തിത്തുറന്ന് നാലരലക്ഷം രൂപ അടുത്തിടെ കൊള്ളയടിച്ചിരുന്നു.
പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അന്ന് സി.സി.ടി.വിയില്‍ പതിഞ്ഞ അതേ കവർച്ചക്കാരാണ് വീണ്ടുമെത്തിയതെന്ന് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അർധരാത്രി രണ്ടുപേർ മുഖംമൂടിയും മാരകായുധങ്ങളുമായി പ്രദേശത്തെ അഞ്ച് വീടുകളിലെത്തി. കോരോത്തില്‍ ഹംസക്കുട്ടിയുടെ വീടിന്റെ ഗ്രില്‍ തകർത്ത് അകത്തുകടക്കുകയും കുട്ടികളുടെ സ്കൂള്‍ ബാഗില്‍നിന്ന് പണമെടുക്കുകയും ചെയ്തു. വീട്ടുകാർ തിരൂർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തൃക്കണ്ടിയൂർ നിവാസികളോട് രാത്രിയില്‍ ജാഗ്രത പുലർത്താൻ പൊലീസ് നിർദേശിച്ചു. രാത്രികാല പട്രോളിങ് ശക്തിപ്പെടുത്താൻ തൃക്കണ്ടിയൂർ നെറ്റ്‌വ റെസിഡന്റ്സ് അസോസിയേഷൻ പൊലീസിനോട് ആവശ്യപ്പെട്ടു. തിരൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
