കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയുടെ മൂന്ന് അയല്‍പ്പക്കങ്ങളില്‍ ഉണ്ടായ ഭരണമാറ്റങ്ങള്‍ക്കെല്ലാം സമാന സ്വഭാവമാണുള്ളത്.
മൂന്നിടങ്ങളിലും ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഭരണാധികാരികള്‍ അധികാരം വിട്ടോടുകയായിരുന്നു. ശ്രീലങ്കയിലായിരുന്നു തുടക്കം. ഒടുക്കം നേപ്പാളിലും. ഈ പട്ടിക ഇനിയും തുടരുമോയെന്നതാണ് ആശങ്കപ്പെടുത്തുന്ന ചോദ്യം. മൂന്നിടങ്ങളിലും ഭരണകൂടം നിലംപൊത്തിയത് ഒരേ രീതിയിലാണ്.
ചെറിയതോതില്‍ തുടങ്ങുന്ന പ്രതിഷേധം വളരെ പെട്ടെന്ന് ബഹുജന പ്രക്ഷോഭമായി മാറുന്നു, അത് അക്രമസംഭവങ്ങളിലേക്കും ഭരണാധികാരികളുടെയും നേതാക്കളുടെയും ഭവനങ്ങളും പൊതുമുതലുകളും നശിപ്പിക്കുക, പിന്നീട് ഇടക്കാല സർക്കാരുണ്ടാക്കുക. എല്ലാത്തിനും പിന്നില്‍ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും ശ്രദ്ധേയമാണ്. ഏറെക്കാലമായി ജനങ്ങളില്‍ അടിഞ്ഞുകൂടിയ അസതൃപ്തിയെയും നിരാശയെയും പെട്ടെന്ന് ആളിക്കത്തിക്കുന്ന തരത്തിലുള്ള ഭരണകൂടത്തിന്റെ വീഴ്ചകളാണ് ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ വമ്ബൻ പ്രക്ഷോഭത്തിലേക്കെത്തിക്കുന്നതിന് തീ കൊളുത്തുന്നത്. അതുതന്നെയാണ് ശ്രീലങ്കയിലും ബംഗ്ലാദേശിലും ഇപ്പോള്‍ ഹിമാലയൻ രാജ്യമായ നേപ്പാളിലും സംഭവിച്ചത്.
അഴിമതി, സ്വജന പക്ഷപാതം, സാമ്ബത്തിക പ്രതിസന്ധി- ശ്രീലങ്കയെ പിടിച്ചുലച്ച പ്രതിഷേധം
2022-ലാണ് ശ്രീലങ്കയിലെ ഭരണകൂടം ബഹുജന പ്രക്ഷോഭത്തെ തുടർന്ന് നിലംപൊത്തിയത്. അധികാരത്തിലുള്ള രാജപക്സെ കുടുംബത്തിന്റെ നയങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് വിത്തുപാകിയത്. അമിതമായ പണപ്പെരുപ്പം, ഇന്ധനം, പാചകവാതകം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ ദൗർലഭ്യം, ദൈനംദിന വൈദ്യുതി മുടക്കം. രാഷ്ട്രീയക്കാർക്കിടയിലെ അഴിമതിയും സ്വജനപക്ഷപാതവും ഒക്കെയാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. രാജപക്സ കുടുംബത്തിലെ അംഗങ്ങള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയർന്നിരുന്നു. ഇതിനിടെയാണ് സർക്കാരിന്റെ നയങ്ങള്‍ രാജ്യത്ത് സാമ്ബത്തിക പ്രതിസന്ധിയുണ്ടാക്കിയതും ജനങ്ങളുടെ ക്ഷമകെട്ടതും.
പ്രസിഡന്റ് ഗോതബായ രാജപക്സയുടെയും രാജപക്സ ഭരണകൂടത്തിലെ പ്രധാന ഉദ്യോഗസ്ഥരുടെയും രാജി, പുതിയ ഭരണഘടന തയ്യാറാക്കുക. അഴിമതിക്ക് ഉത്തരവാദിത്തം ഏറ്റെടുക്കുക, സാമ്ബത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2022 മാർച്ചില്‍ തുടങ്ങിയ പ്രതിഷേധങ്ങള്‍ പതിയെ അക്രമാസക്തമായി. ഇതോടെ ഏപ്രില്‍ ഒന്നിന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ജനം പിന്തിരിഞ്ഞില്ല. പ്രതിഷേധങ്ങള്‍ തടയാൻ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയത് സർക്കാരിന് തന്നെ തിരിച്ചടിയായി.
പ്രക്ഷോഭം നിയന്ത്രണാതീതമായതോടെ ജനവികാരം ശമിപ്പിക്കാൻ ഗോതബയ സർക്കാരിലെ മന്ത്രിമാർ രാജിവെച്ചു. പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെ മിക്ക മന്ത്രിമാരും രാജിവെച്ചെങ്കിലും പ്രക്ഷോഭങ്ങള്‍ ശമിച്ചില്ല. സർക്കാരിന്റെ വീഴ്ചയിലേക്ക് നയിച്ച പ്രധാന സംഭവം നടന്നത് ഏപ്രില്‍ 19-നാണ്. രാംബുക്കാനയില്‍ ഇന്ധനത്തിനായി കാത്തുനിന്ന പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിയുതിർത്തു. ഇതില്‍ ഒരാള്‍ മരിക്കുകയും 12 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത് ജനങ്ങളില്‍ സർക്കാർ വിരുദ്ധ മനോഭാവം വർധിപ്പിച്ചു. ഈ സംഭവവികാസങ്ങള്‍ക്കിടെയാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ ഭരണകക്ഷിയായ ശ്രീലങ്ക പൊദുജന പെരമുന പാർട്ടിയുടെ പ്രവർത്തകർ ആക്രമിക്കുന്നത്. ഇതോടെ അക്രമവും തിരിച്ചടിയുമായി പ്രക്ഷോഭം അക്രമാസക്തമായി.
പിന്നാലെ മെയ് ഒമ്ബതിന് മഹിന്ദ രാജപക്സെ രാജിവെച്ചെങ്കിലും സമരക്കാർ അടങ്ങിയില്ല. ജനവികാരം ശമിപ്പിക്കാൻ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗയെ നിയമിച്ചു. ഗോതബയ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാർ നിലപാടെടുത്തു. സമരക്കാരെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവുണ്ടായിട്ടും ജനം തെരുവില്‍നിന്ന് മാറിയില്ല. ഒടുവില്‍ ജനം പ്രക്ഷോഭം ശക്തിപ്പെടുത്തിയതോടെ റനില്‍ വിക്രമസിംഗെയും രാജിസന്നദ്ധത അറിയിച്ചു. ക്ഷമ നശിച്ച ജനക്കൂട്ടം കൊളംബോയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറി. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിക്ക് തീയിട്ടു. ഒടുവില്‍ ജൂലൈ 13-ന് പ്രസിഡന്റ് ഗോതബയ രാജപക്സെ ഭാര്യയോടൊപ്പം മാലിദ്വീപിലേക്ക് പലായനം ചെയ്തു, പിന്നീട് സിംഗപ്പൂരിലേക്ക് പോയി.
വിവേചന വിരുദ്ധ സമരം, ഹസീനയുടെ പലായനം
2024-ലാണ് ഇന്ത്യയുടെ തൊട്ടയല്‍ രാജ്യമായ ബംഗ്ലാദേശ് യുവജന പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞത്. ബംഗ്ലാദേശ് ഹൈക്കോടതി 2018-ലെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന്, സ്വാതന്ത്ര്യ സമര സേനാനികളുടെ പിൻഗാമികള്‍ക്ക് സർക്കാർ ജോലികളില്‍ 30% ക്വാട്ടാ സമ്ബ്രദായം പുനഃസ്ഥാപിച്ചതാണ് പ്രക്ഷോഭത്തിന് പ്രധാന കാരണം. ഇതോടെ, മെറിറ്റിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് പരിമിതമായ അവസരങ്ങളാണുള്ളതെന്ന് വിദ്യാർത്ഥികള്‍ക്ക് തോന്നി. സർക്കാരിന്റെ അക്രമാസക്തമായ പ്രതികരണവും, നീണ്ടുനില്‍ക്കുന്ന സാമ്ബത്തിക പ്രതിസന്ധിയും അത് കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മ, വ്യാപകമായ അഴിമതി, മനുഷ്യാവകാശ ലംഘനങ്ങള്‍, ജനാധിപത്യപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള വഴികളുടെ അഭാവം എന്നിവയും പൊതുജനങ്ങളുടെ അതൃപ്തി വർദ്ധിപ്പിച്ചു.
തുടർച്ചയായി അധികാരം കയ്യാളിയ ഷേഖ് ഹസീനയുടെ അമിതാധികാര പ്രവണതകള്‍ ജനങ്ങളില്‍ വലിയ അതൃപ്തിക്ക് കാരണമായിരുന്നു. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങള്‍ പലിയിടങ്ങളിലായി ഉയർന്നുവന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ 'റസാക്കർമാരുടെ (1971ലെ സ്വാതന്ത്ര്യയുദ്ധത്തില്‍ സമരസേനാനികളെ കൂട്ടക്കൊല ചെയ്തവർ ) കുട്ടികള്‍' എന്ന് വിശേഷിപ്പിച്ചത് പൊതുജനരോഷം വർദ്ധിപ്പിച്ചു. ഇതിന് മറുപടിയായി 'രാജാക്കർ, രാജാക്കർ' എന്ന മുദ്രാവാക്യം വിദ്യാർത്ഥികള്‍ സ്വീകരിച്ചു.
സമരം തുടരുന്നതിനിടെ പ്രതിഷേധക്കാരെ ഭരണകക്ഷിയായ അവാമീ ലീഗിന്റെ പ്രവർത്തകർ ആക്രമിച്ചു. ഇത് പ്രതിഷേധം അക്രമാസക്തമാകുന്നതിലേക്ക് നയിച്ചു. ജൂലൈ 19-ന് സർക്കാർ അർദ്ധരാത്രി കർഫ്യൂ ഏർപ്പെടുത്തുകയും രാജ്യവ്യാപകമായി സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കൂട്ട അറസ്റ്റുകളും പൊലീസ് നടപടികളും തുടങ്ങി. ഷെയ്ഖ് ഹസീനയുടെ സമാധാന ചർച്ചകള്‍ക്കുള്ള വാഗ്ദാനം പ്രതിഷേധക്കാർ നിരസിച്ചു. പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും രാജി ആവശ്യപ്പെട്ട് ഓഗസ്റ്റ് 4 മുതല്‍ നിസ്സഹകരണ സമരം തുടങ്ങി.
ഇതിനെതിരായ അടിച്ചമർത്തല്‍ നടപടികളെ തുടർന്ന് പ്രക്ഷോഭം അക്രമാസക്തമായി. ജനക്കൂട്ടം പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും അവാമി ലീഗ് നേതാക്കളുടെയും വീടുകള്‍ ആക്രമിക്കുകയും തീവെക്കുകയും ചെയ്തു. പ്രക്ഷോഭം നിയന്ത്രണാതീതമായതോടെ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഹസീനയ്ക്ക് അഭയം നല്‍കിയതിനെ തുടർന്ന് പന്നീടുവന്ന ഇടക്കാല സർക്കാരും ഇന്ത്യയും തമ്മിലുള്ള ബന്ധം മോശമാവുകയും ചെയ്തിരുന്നു.
സമാന സംഭവങ്ങളാണ് ഇപ്പോള്‍ നേപ്പാളിലും നടക്കുന്നത്. ചൂണ്ടിക്കാണിക്കാൻ വ്യക്തമായ നേതൃത്വമോ അണിചേരാൻ പ്രത്യയശാസ്ത്ര പിൻബലമോ പതാകയോ ഒന്നുമില്ലാതെ ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കള്‍ തെരുവിലിറങ്ങിയതാണ് മൂന്നു രാജ്യങ്ങളിലെയും ഭരണകൂടങ്ങളെ നിലംപരിശാക്കിയത്. ഇന്ത്യയുടെ മൂന്ന് അയല്‍പ്പക്കങ്ങളിലും നടന്നത് സമാനമാണെങ്കിലും അതില്‍ വിദേശ ഇടപെടലുകള്‍ ആരോപിക്കപ്പെടുന്നുണ്ട്. ശ്രീലങ്കയിലെ സമരങ്ങള്‍ക്ക് വിദേശ ഇടപെടലുണ്ടായെന്ന് ആരോപണങ്ങള്‍ ഉയർന്നിരുന്നു. ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ യുഎസിന്റെ കൈകളുണ്ടെന്ന് ഷേഖ് ഹസീന ആരോപിച്ചിരുന്നു. നേപ്പാളിലെ സമരങ്ങള്‍ക്ക് പിന്നിലും വിദേശ ഇടപെടലെന്ന ആരോപണങ്ങള്‍ യുഎസിന്റെ കൈകളുണ്ടെന്നാണ് ആക്ഷേപം. ചൈനയോട് അടുത്തുനില്‍ക്കുന്ന നിലവിലെ നേപ്പാള്‍ ഭരണകൂടത്തിനെ താഴെയിറക്കുക എന്നതാണ് യുഎസ് ഉദ്ദേശിച്ചതെന്നാണ് ആരോപണങ്ങള്‍.
ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ മൂന്ന് രാജ്യങ്ങളിലും നിലവിലുണ്ടായിരുന്നത് ചൈനയോട് അടുപ്പം പുലർത്തിയിരുന്ന സർക്കാരുകളായിരുന്നു. ഉടൻതന്നെ നേപ്പാളില്‍ യുഎസ് അനുകൂല പാവ സർക്കാർ വരുമെന്നാണ് ആക്ഷേപം. ജനങ്ങള്‍ക്കിടയില്‍ ഭരണകൂടത്തോടുള്ള അതൃപ്തിയെ ആളിക്കത്തിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ പുറത്തുനിന്ന് ഉണ്ടാകുന്നുവെന്നാണ് ആരോപണം. എങ്കിലും ഇതിനെല്ലാം പ്രധാന കാരണം അതാത് രാജ്യങ്ങളിലെ സർക്കാർ വിരുദ്ധ മനോഭാവമാണ്. ഇതിനെ മറികടക്കുന്നതിലും അതാത് സർക്കാരുകള്‍ കാണിക്കുന്നതിലെ വീഴ്ചകളാണ് സമരങ്ങളെ ആളിക്കത്തിക്കുന്നത്.