Type Here to Get Search Results !

റഷ്യയില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, മലപ്പുറം സ്വദേശിക്കും പെണ്‍സുഹൃത്തിനുമെതിരെ പരാതി


റഷ്യയിലെ സെച്ചിനോവ സര്‍വകലാശാലയില്‍ എംബിബിഎസ് പ്രവേശനം വാഗ്ദാനം ചെയ്ത് മലപ്പുറം കിഴിശ്ശേരി സ്വദേശി ലക്ഷങ്ങള്‍ തട്ടിയതായി പരാതി.

കിഴിശ്ശേരി സ്വദേശി അഹമ്മദ് അജ്നാസ്, പെണ്‍ സുഹൃത്തും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ഫിദ ഫാത്തിമ (ഫിദാമി ) എന്നിവര്‍ക്കെതിരെയാണ് ആരോപണം. അഹമ്മദ് അജാസിനെതിരെ പൊലീസ് കേസെടുത്തു.

പരസ്യ റീല്‍ കണ്ടാണ് എംബിബിഎസ് മോഹവുമായി മാവൂര്‍ സ്വദേശി റിഹാൻ , ഫിദാമിയോട് വിവരങ്ങള്‍ തിരക്കിയത്. താനിട്ട റീലിലെ സ്ഥാപനത്തെ സമീപിക്കേണ്ടെന്നും പകരം മറ്റൊരാളുടെ നമ്ബര്‍ തരാമെന്നുമായിരുന്നു ഫിദാമിയുടെ മറുപടി. അവരെ ബന്ധപ്പെടൂവെന്നായിരുന്നു മറുപടി. 2024 ജൂലൈ 7 നാണ് മാവൂര്‍ സ്വദേശി റിഹാൻ്റെ കുടുംബം അജ്നാസ് പറഞ്ഞത് പ്രകാരം 4 ലക്ഷം രൂപ കൈമാറിയത്. അതിനു ശേഷം അജ്നാസിന്റെ സുഹൃത്ത് വഴി ഒരു ലക്ഷം കൂടി നല്‍കി. പക്ഷേ, അഡ്മിഷൻ കിട്ടിയില്ല. പണം തിരികെ ചോദിച്ചപ്പോള്‍ ഒഴിവ് കഴിവ് പറഞ്ഞൊഴിയുകയാണ് അജ്നാസ്. ഫോണ്‍ വിളിച്ചാലും എടുക്കില്ലെന്നതാണ് സ്ഥിതി.
റഷ്യയിലെത്തി മടങ്ങി പെണ്‍കുട്ടി

സമാനമായ രീതിയില്‍ എട്ടുലക്ഷം രൂപയാണ് മാവൂര്‍ സ്വദേശിയായ മറ്റൊരു പെണ്‍കുട്ടി നല്‍കിയത്. അഡ്മിഷൻ ശരിയാക്കാമെന്ന് പറഞ്ഞ് റഷ്യയിലേക്ക് കൊണ്ടുപോയി. പക്ഷേ, ഒന്നും ശരിയായില്ല. മൂന്ന് മാസം കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് മടങ്ങേണ്ടി വന്നു. ഈ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരാതി ഉയർന്നതോടെ പ്രതി അജ്നാസ് ഒളിവിലാണ്. കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഇടയ്ക്ക് ഭീഷണിപ്പെടുത്താറുണ്ടെന്നും പണം നഷ്ടപ്പെട്ടവര്‍ പറയുന്നു. പ്രതിസ്ഥാനത്തുള്ള അജ്നാസ് സുഹൃത്ത് ഫിദാമി എന്ന ഇസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ എന്നിവരോട് പ്രതികരണം തേടാൻ ശ്രമിച്ചിരുന്നുവെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല.