ഗസ്സയില് നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ, അധിനിവേശം എന്നിവ ഉള്പ്പെടെ, ഇസ്റാഈല് നടത്തുന്ന അന്താരാഷ്ട്ര നിയമലംഘനങ്ങള്ക്ക് കൂട്ടുനില്ക്കുന്ന 15 കമ്ബനികളുടെ പേര് പുറത്തുവിട്ട് ആംനസ്റ്റി ഇന്റര്നാഷണല്.
രാഷ്ട്രങ്ങള്, പൊതു സ്ഥാപനങ്ങള്, കമ്ബനികള്, സര്വകലാശാലകള്, മറ്റ് സ്വകാര്യ വ്യക്തികള് തുടങ്ങിയവര് സാമ്ബത്തിക നേട്ടങ്ങള്ക്കും ലാഭത്തിനും വേണ്ടി ഗസ്സ വംശഹത്യയ്ക്ക് കൂട്ടു നില്ക്കുന്നു. ഇതവസാനിപ്പിക്കേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു. ഇത്തരം വ്യാപാര ബന്ധങ്ങളുടെ പിന്തുണയോടെയാണ് ഇരുപത്തിമൂന്ന് മാസത്തെ നിരന്തരമായ ബോംബാക്രമണവും തുടര്ച്ചയായ വംശഹത്യ ഇസ്രാഈല് നടത്തുന്നത്. രാഷ്ട്രങ്ങളും കമ്ബനികളും ഇസ്റാഈലിന് ആയുധങ്ങളും മറ്റ് ഉപകരണങ്ങളും നല്കുന്നത് അവസാനിപ്പിക്കണം- ആംനസ്റ്റി പ്രസ്താവനയില് പറയുന്നു.
15 കമ്ബനികളുടെ പേരാണ് അവസാനമായി ആംനസ്റ്റി പുറത്തു വിട്ടിരിക്കുന്നത്. യുഎസ് ബഹുരാഷ്ട്ര കമ്ബനികളായ ബോയിംഗ്, ലോക്ക്ഹീഡ് മാര്ട്ടിന്, ഇസ്റാഈലി ആയുധ കമ്ബനികളായ എല്ബിറ്റ് സിസ്റ്റംസ്, റാഫേല് അഡ്വാന്സ്ഡ് ഡിഫന്സ് സിസ്റ്റംസ്, ഇസ്രായേല് എയ്റോസ്പേസ് ഇന്ഡസ്ട്രീസ് (ഐഎഐ), ചൈനീസ് കമ്ബനിയായ ഹിക്വിഷന്, സ്പാനിഷ് നിര്മ്മാതാക്കളായ കണ്സ്ട്രൂഷ്യോണ്സ് വൈ ഓക്സിലിയര് ഡി ഫെറോകാരില്സ് (സിഎഎഫ്), ദക്ഷിണ കൊറിയന് കമ്ബനിയായ എച്ച്‌ഡി ഹ്യുണ്ടായ്, യുഎസ് സോഫ്റ്റ്വെയര് കമ്ബനിയായ പാലന്തിര് ടെക്നോളജീസ്, ഇസ്റാഈലി ടെക്നോളജി സ്ഥാപനമായ കോര്സൈറ്റ്, ഇസ്റാഈലി സര്ക്കാര് ഉടമസ്ഥതയിലുള്ള ജല കമ്ബനിയായ മെക്കോറോട്ട് എന്നിവയാണ് ആംനസ്റ്റി പുറത്തിറക്കിയ പട്ടികയില് ഉള്പ്പെടുന്ന കമ്ബനികള്.
നിയമവിരുദ്ധമായ അധിനിവേശം, വംശഹത്യ, അന്താരാഷ്ട്ര നിയമപ്രകാരമുള്ള മറ്റ് കുറ്റകൃത്യങ്ങള് തുടങ്ങിയവയെല്ലാം അറിഞ്ഞുകൊണ്ടാണ് ഈ കമ്ബനികള് ഇസ്റാഈലിന് പിന്തുണ നല്കുന്നത്. പതിറ്റാണ്ടുകളായി ഫലസ്തീനികളുടെ മൗലികാവകാശങ്ങള് നിഷേധിക്കുന്നതിനും പട്ടിണിയും കൂട്ടക്കൊലയും നടത്തുന്നതിനും ഈ 15 കമ്ബനികള് സഹായം ചെയ്യുന്നു- ആംനസ്റ്റി ചൂണ്ടിക്കാട്ടി. അതേസമയം, ഫലസ്തീനോട് ഇസ്റാഈല് ചെയ്യുന്ന കൊടുംക്രൂരതക്ക് കൂട്ടു നില്ക്കുന്നവരുടെ ചെറിയ ഒരു ഉദാഹരണം മാത്രമാണ് ഈ കമ്ബനികളെന്ന് ആംനസ്റ്റി എടുത്ത് പറയുന്നു.
ലോകത്തിലെ മിക്ക സാമ്ബത്തിക മേഖലകളും, ബഹുഭൂരിപക്ഷം സ്റ്റേറ്റുകളും, നിരവധി സ്വകാര്യ സ്ഥാപനങ്ങളും ഗസ്സയിലെ ഇസ്റാഈലിന്റെ വംശഹത്യയ്ക്കും, ഫലസ്തീന് പ്രദേശത്ത് നടത്തുന്ന ക്രൂരമായ അധിനിവേശത്തിനും വര്ണ്ണവിവേചനത്തിനും അറിഞ്ഞുകൊണ്ട് സംഭാവന നല്കിയിട്ടുണ്ട്. അതുമല്ലെങ്കില് അതില് നിന്ന് പ്രയോജനം നേടിയിട്ടുണ്ട്- ആംനസ്റ്റി രൂക്ഷമായ ഭാഷയില് ചൂണ്ടിക്കാട്ടുന്നു.
ഗസ്സ മുനമ്ബില് ഇസ്റാഈല് നടത്തിയ നിയമവിരുദ്ധ വ്യോമാക്രമണങ്ങളില് ബോയിംഗ് ബോംബുകളും ഗൈഡന്സ് കിറ്റുകളും ഉപയോഗിച്ചതായി റിപ്പോര്ട്ടുകള് പറയുന്നു. ജോയിന്റ് ഡയറക്‌ട് അറ്റാക്ക് മ്യൂണിഷന്സ്, ജിബിയു-39 സ്മോള് ഡയമീറ്റര് ബോംബുകള് എന്നിവയുള്പ്പെടെ ബോയിംഗ് നിര്മ്മിച്ച ആയുധങ്ങള് ഇസ്റാഈല് സൈന്യം ഉപയോഗിച്ചിരിക്കാമെന്നാണ് ആംനസ്റ്റി ഇന്റര്നാഷണല് പുറത്ത് വിട്ട് റിപ്പോര്ട്ട്.
ഇസ്റാഈലിലേക്കുള്ള എല്ലാ ആയുധങ്ങളുടെയും, സൈനിക, സുരക്ഷാ ഉപകരണങ്ങളുടെയും സേവനങ്ങളുടെയും, നിരീക്ഷണ ഉപകരണങ്ങള്, എഐ, ക്ലൗഡ് ഇന്ഫ്രാസ്ട്രക്ചര് എന്നിവയുടെയും വിതരണം ഉടനടി നിരോധിക്കാന് ആംനസ്റ്റി സ്റ്റേറ്റുകളോട് ആവശ്യപ്പെടുന്നു.
