എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ ഇന്ന് മാധ്യമങ്ങളെ കാണാന്‍ ഷാഫി പറമ്ബില്‍ എംപി.
വടകരയില്‍ ഇന്ന് ഷാഫി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് വിവരം. രാഹുല്‍മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വെച്ചതിന് പിന്നാലെ ഷാഫിയേയും ഇടതുപക്ഷനേതാക്കള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. രാഹുലിനെ സംരക്ഷിക്കുന്നത് ഷാഫിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമാണെന്നും സംഭവത്തിന് ശേഷം ഷാഫി ഒളിച്ചോടിയെന്നുമുള്ള രീതിയിലായിരുന്നു വിമര്‍ശനങ്ങള്‍.
എന്നാല്‍ ഒളിച്ചോടിയിട്ടില്ലെന്നും മുമ്ബ് നിശ്ചയിച്ചിട്ടുള്ള രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയില്‍ പങ്കെടുക്കുകയായിരുന്നുവെന്നും, വടകരയില്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും ഷാഫി വ്യക്തമാക്കിയിരിക്കുകയാണ്. ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും എംഎല്‍എ സ്ഥാനം രാഹുല്‍ രാജിവെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന നിലപാടിലാണ് കെപിസിസി. ബിജെപിയുടേയും ഇടതുപക്ഷത്തിന്റെയും യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ രാഹുലിനെതിരേ വലിയ പ്രതിഷേധം നടത്തുമ്ബോഴാണ് കെപിസിസിയുടെ ഈ നിലപാട്.
നേരത്തേ രാഹുലിനെ പാലക്കാട് കാലുകുത്താന്‍ സമ്മതിക്കില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ എന്നീ സംഘടനകള്‍ എംഎല്‍എ യുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇന്ന് ഷാഫി പറമ്ബിലിന്റെ ഓഫീസിലേക്കും മാര്‍ച്ച് നടത്താനുള്ള നീക്കത്തിലാണ് ഇടതു യുവജന സംഘടനകള്‍. അതിനിടയില്‍ രാഹുല്‍ രാജിവെച്ച യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത മത്സരം നടക്കുകയാണ്. പുതിയ സംസ്ഥാന അധ്യക്ഷനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷം. തങ്ങളുടെ നോമിനികളുടെ കാര്യത്തില്‍ പ്രധാന നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു.
യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം വച്ച് അബിന്‍ വര്‍ക്കിയെ ലക്ഷ്യം വെച്ച് ആരോപണങ്ങളും സജീവമാക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ അബിന്‍ വര്‍ക്കി പിന്നില്‍ നിന്ന് കുത്തിയെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. സംസ്ഥാന കമ്മിറ്റി ഗ്രൂപ്പില്‍ ഉള്‍പ്പെടെ അബിന്‍ വര്‍ക്കിക്ക് എതിരായ പോസ്റ്റുകള്‍ക്ക് പിന്നില്‍ രാഹുല്‍ അനുകൂലികള്‍ ആണ്. ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള കെ.സി വേണുഗോപാലിന്റെ നീക്കത്തിനും എതിര്‍പ്പുണ്ട്. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഭാരവാഹികളായവരുടെ തലപ്പത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ബിനു ചുള്ളിയിനെ നിയമിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം പറയുന്നു.
