കോട്ടക്കൽ : എ.ആ.ർ നഗർ ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്ന തെരുവു നായ്ക്കൾ നാട്ടുകാർക്ക് ഭീഷണിയാവുന്നു. ഇവ സംഘമായി ഇറച്ചിക്കടകൾക്കു മുൻപിലും തൊട്ടടുത്ത കടകളുടെ വരാന്തയിലും കവലകളിലുമായാണ് തമ്പടിക്കുന്നത്.ഇവിടെനിന്ന് ലഭിക്കുന്ന മാംസാവശിഷ്ട്‌ടങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം.
അതിരാവിലെ കൂട്ടമായി ഗ്രാമീണ റോഡുകളിലേക്ക് ഇറങ്ങുന്ന ഇവ മദ്രസയിൽ പോകുന്ന വിദ്യാർഥികൾക്കും പത്രവിതരണക്കാർക്കും വലിയ ഭീഷണിയാണ്. കുട്ടികളെ മുതിർന്നവരാണ് ൈകയിൽ വടിയുമെടുത്ത് രാവിലെ മദ്രസകളിലെത്തിക്കാറ്. എണ്ണത്തിൽ കൂടുതലുള്ള സംഘങ്ങൾ ഭക്ഷണം തികയാതാവുമ്പോൾ നാട്ടിൻപുറത്തേക്കിറങ്ങുന്നതാണ് വീട്ടമ്മമാർക്ക് ഭീഷണിയാവുന്നത്. ഇവ വളർത്തുമൃഗങ്ങളെയും കോഴികളെയും കൂട്ടമായി അക്രമിക്കുന്നു.
ഇതിനാൽ പലരും ഈ ഉപജീവനമാർഗം ഉപേക്ഷിക്കുകയാണ്. കോഴികളെ വളർത്തുന്നവർ വലിയ മുതൽമുടക്കി കൂടു നിർമിച്ചാണ് വളർത്തുന്നത്. ഇതിനു പുറമെ പകൽപോലും കുറുക്കൻ്റെ സാന്നിധ്യമുള്ള ഇവിടെ പേ വിഷ ബാധാ ഭീഷണിയും നിലനിൽക്കുകയാണ്. ഇതിനു പരിഹാരമായി
എബിസി ഉൾപ്പെടെയുള്ള പദ്ധതികളൊന്നും ഗ്രാമ പഞ്ചായത്തിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല.
എബിസി ചെയ്യാനുള്ള സൗകര്യം ഗ്രാമപ്പഞ്ചായത്തിലില്ലെന്നും ഓഗസ്റ്റ് രണ്ടാംവാരത്തിൽ പ്രതിരോധ കുത്തിവെപ്പ് തുടങ്ങുമെന്നും മൃഗഡോക്‌ടർ അറിയിച്ചു. നായ്ക്കളെ നിയന്ത്രിക്കാനും നാട്ടുകാർക്ക് പേടികൂടാതെ സഞ്ചരിക്കാനും സൗകര്യമൊരുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
