വടക്കൻ, മദ്ധ്യകേരള തീരങ്ങളില്‍ അടുത്തിടെ കാണപ്പെട്ട ചുവപ്പ് കടല്‍ പ്രതിഭാസത്തിന് കാരണം നോക്റ്റിലൂക്ക സിൻറ്റിലാൻസ് എന്ന മൈക്രോ ആല്‍ഗയുടെ ചുവന്ന വകഭേദത്തിന്റെ വൻതോതിലുള്ള വ്യാപനമാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ കണ്ടെത്തി.
നിലവില്‍ ഇത് സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഗവേഷകർ.
പഠനവും നിരീക്ഷണങ്ങളും
കാലാവസ്ഥാ വ്യതിയാനവും ആല്‍ഗല്‍ ബ്ലൂമുകളും തമ്മിലുള്ള ബന്ധം പഠിക്കുന്ന സംഘമാണ് കണ്ടെത്തലിന് പിന്നില്‍. കുസാറ്റിലെ മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലതിക സിസിലി തോമസിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. തൃശ്ശൂർ ജില്ലയിലെ ചാവക്കാട് ബീച്ചില്‍ നിന്നും കോഴിക്കോട് ജില്ലയിലെ വിവിധ ബീച്ചുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണം സ്ഥിരീകരിച്ചത്. ആല്‍ഗല്‍ ബ്ലൂം ക്രമേണ തെക്കൻ കേരള തീരത്തേക്കും വ്യാപിച്ചു. ആഴം കുറഞ്ഞ ഭാഗങ്ങളിലാണ് ചുവപ്പ് നിറം കൂടുതല്‍ വ്യക്തമായി കാണുന്നത്. പ്രതിഭാസം രാത്രിയില്‍ കടല്‍ത്തീരത്ത് അതിശയിപ്പിക്കുന്ന നീല, പച്ച ബയോലുമിനിസെൻസും (കവര്) ഉണ്ടാക്കുന്നു.
രണ്ട് രൂപങ്ങള്‍
പച്ച വകഭേദം: 'ഗ്രീൻ ടൈഡുകള്‍ക്ക്' കാരണമാകുന്നു. ചുവന്ന ഹെറ്ററോട്രോഫിക് വകഭേദം: ഡയാറ്റങ്ങളെ ഭക്ഷിക്കുന്ന ഈ വകഭേദമാണ് 'റെഡ് ടൈഡുകള്‍' ഉണ്ടാക്കുന്നത്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ മഴക്കാലങ്ങളില്‍ സാധാരണയായി ഈ രണ്ട് വകഭേദങ്ങളും കാണപ്പെടാറുണ്ട്.
