ജനറല്‍ ആശുപത്രിയില്‍ 26കാരിയുടെ ജീവിതം വഴിമുട്ടിച്ച് ഗുരുതര ചികിത്സാപ്പിഴവ്.
തൈറോയ്ഡ് ഗ്രന്ഥി നീക്കംചെയ്യല്‍ ശസ്ത്രക്രിയയ്ക്കിടെ 50 സെന്റീ മീറ്റർ നീളമുള്ള വയർ നെഞ്ചില്‍ കുടുങ്ങി. ശ്വാസതടസം കാരണം പ്രതിസന്ധിയായതോടെ ഡോക്ടർ കൈവിട്ടു. ജനറല്‍ ആശുപത്രിയിലെ സർജൻ ഡോ.രാജീവ് കുമാറിനെതിരെ കാട്ടാക്കട സ്വദേശി സുമയ്യ ഡി.എം.ഒയ്ക്ക് പരാതിയും നല്‍കി. ഭർത്താവിന്റെ വീടായ കമലേശ്വരത്ത് താമസിക്കുന്ന യുവതി തൈറോയ്ഡ് ചികിത്സയ്ക്കാണ് ജനറല്‍ ആശുപത്രിയിലെത്തിയത്. തൈറോയ്ഡ് ഗ്രന്ഥിമാറ്റണമെന്ന ഡോ.രാജീവ്കുമാറിന്റെ നിർദ്ദേശപ്രകാരം 2023 മാർച്ച് 22ന് ശസ്ത്രക്രിയയ്ക്ക് വിധേയയായി.
ഒരാഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇടയ്ക്കിടെ ശ്വാസതടസമുണ്ടായി. തുടർന്ന് ഇതേ ഡോക്ടറുടെ അടുത്ത് രണ്ടുവർഷം ചികിത്സ തുടർന്നു. എന്നാല്‍ കഫക്കെട്ടും ശ്വാസതടസവും കടുത്തപ്പോള്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.
തുടർന്ന് എക്‌സ്റേ എടുത്തപ്പോഴാണ് നെഞ്ചിനകത്ത് ലാപ്‌റോസ്‌കോപിക്ക് ശസ്ത്രക്രിയ സാമഗ്രികളുടെ ഭാഗമായ ഗയ്ഡ് വയർ കണ്ടത്.തുടർന്ന് എക്‌സ്റേയുമായി ഡോ.രാജീവ് കുമാറിനെ സമീപിച്ചു. ഡോക്ടർ പിഴവ് സമ്മതിച്ചു. മറ്റാരോടും പറയരുതെന്നും മറ്റു ഡോക്ടർമാരുമായി സംസാരിച്ച്, കീ ഹോള്‍ വഴി ട്യൂബ് എടുത്ത് നല്‍കാമെന്നും ഉറപ്പ് നല്‍കി.
പിന്നീട് രാജീവ് കുമാറിന്റെ നിർദ്ദേശപ്രകാരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സ തേടി. സി.ടി സ്‌കാനില്‍ കാലപ്പഴക്കം കാരണം വയർ രക്തക്കുഴലുമായി ഒട്ടിച്ചേർന്നെന്നും എടുക്കാൻ കഴിയില്ലെന്നും അറിയിച്ചു. ഇക്കാര്യം രാജീവ് കുമാറിനെ അറിയിച്ചതോടെ എനിക്കൊന്നും ചെയ്യാനില്ലെന്നുപറഞ്ഞ് കൈയൊഴിഞ്ഞെന്നും യുവതിയുടെ പരാതിയിലുണ്ട്. തുടർചികിത്സയ്ക്ക് മാർഗമില്ലെന്നും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കുമെന്നും സുമയ്യ പറഞ്ഞു.
നിസാരവത്കരിച്ച് ഡോക്ടർ!
ശസ്ത്രക്രിയയ്ക്ക് ശേഷം ശാരീരിക അസ്വസ്ഥതകളുമായെത്തിയ രോഗിയെ ഡോക്ടർ നിസാരവത്കരിച്ചത് പ്രശ്നം വഷളാക്കിയെന്നാണ് വിവരം. യഥാസമയം എക്‌സ്റേ എടുത്ത് വയർ കുടുങ്ങിയത് കണ്ടെത്താതെ വർഷങ്ങളോളം രോഗിയെ കയറ്റിയിറക്കി. വയർ കുടുങ്ങിയതറിയാൻ രോഗി സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടിവന്നതും ഗുരുതരമായ വീഴ്ചയാണ്.
ശാരീരികമായും മാനസികമായും തകർന്ന അവസ്ഥയിലാണ്.എനിക്ക് ആറുവയസുള്ള കുഞ്ഞുണ്ട്.ശ്വാസംമുട്ടലും കിതപ്പും വർദ്ധിച്ചുവരുന്നു. തുടർചികിത്സയും വഴിമുട്ടി.
സുമയ്യ
