മലപ്പുറം: ഓണാഘോഷത്തിന്റെ പകിട്ടറിയിച്ച് അത്തം പിറന്നു. അത്തപ്പൂക്കളമിടാനായി ഇന്നലെ ജില്ലയിലെ പൂക്കടകളിൽ ആളുകളെത്തിത്തുടങ്ങി. തെച്ചി, ജമന്തി, വാടാമല്ലി, ഡാലിയ, ചില്ലി റോസ്, പിച്ചി,നന്ത്യാർവട്ടം, കൊങ്ങിണി, താമര, ബന്ദി തുടങ്ങി മറുനാടൻ പൂക്കൾ വിപണിയിൽ എത്തിയിട്ടുണ്ട്. 100 രൂപ മുതലുള്ള അത്തപൂക്കള കിറ്റും വിപണിയിലുണ്ട്.
കർണാടകയിലെ ഗുണ്ടൽപേട്ട്, ഹൊസൂർ, തമിഴ്നാട്ടിലെ തോവാള, തെങ്കാശി, സുന്ദരപാണ്ഡ്യപുരം, ആയ്ക്കുടി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പൂക്കൾ ഇറക്കുമതി ചെയ്യുന്നത്. കൂടാതെ, തേനി, ബംഗളൂരു, മൈസൂർ, നാഗർഹോലെ, സേലം, ഊട്ടി, കോയമ്പത്തൂർ, കമ്പം, തേനി, ശീലയംപട്ടി, ശങ്കരൻകോവിൽ, മധുര, ഡിണ്ടിഗൽ, തോവാള തുടങ്ങിയ ഇടങ്ങളിൽ നിന്നും ഓണം വിപണിയിലേക്ക് പൂക്കൾ എത്തുന്നുണ്ട്. മഞ്ഞ ചെണ്ടുമല്ലി, ഓറഞ്ചുബന്ദി, വെൽവെറ്റ് പൂക്കൾ എന്നിവ തോവാളയിൽ നിന്നാണ് എത്തുന്നത്. ഓണം വർണാഭമാക്കാൻ ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങളിലാണ് ഇതര സംസ്ഥാനക്കാർ പൂക്കൃഷി നടത്തുന്നത്. കുടുംബശ്രീ, കൃഷി വകുപ്പ് എന്നിവ മുഖേനയുള്ള പൂക്കളും ജില്ലയിൽ സജീവമാണ്. ആവശ്യക്കാർ എത്തിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ പൂക്കൾ കൊണ്ടുവരാനാണ് വ്യാപാരികളുടെ തീരുമാനം. സ്കൂളുകളിലും സ്ഥാപനങ്ങളിലുമെല്ലാം ഓണാഘോഷ പരിപാടികൾ നടക്കുന്നതോടെ വിപണിയിൽ ആവശ്യക്കാരേറും. വരും ദിവസങ്ങളിൽ കച്ചവടം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. തിരുവോണം അടുക്കുമ്പോഴേക്ക് വിലയിലും വർദ്ധനവുണ്ടായേക്കുമെന്നാണ് ഫ്ലവർ ഷോപ്പ് വ്യാപാരികൾ പറയുന്നത്.
