Type Here to Get Search Results !

കുവൈത്തിൽ വ്യാജമദ്യ ദുരന്തം; മലയാളികളടക്കം ഇരുപത്തിമൂന്നുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍


കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തില്‍ മലയാളികളടക്കം ഇരുപത്തിമൂന്നുപേർ മരിച്ചതായി റിപ്പോർട്ടുകള്‍.







കണ്ണൂർ ഇരിണാവ് സ്വദേശി പി സച്ചിൻ (31) മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നാലു വർഷം മുമ്ബാണ് സച്ചിൻ കുവൈറ്റിലെത്തിയത്.

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. നിരവധി പേർ ചികിത്സയിലുണ്ട്. ഇതില്‍ ചിലർ വെന്റിലേറ്ററിലാണെന്നാണ് വിവരം. 40ഓളം ഇന്ത്യക്കാർ ദുരന്തത്തില്‍ പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതലും മലയാളികളാണെന്നാണ് സൂചന.

ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് +96565501587 എന്ന ഹെല്‍പ് ലൈൻ നമ്ബറില്‍ വാട്സ്‌ആപ്പ് വഴിയോ നേരിട്ടോ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. ചികിത്സയിലുള്ള 51 പേരെ അടിയന്തര ഡയാലിസിസിന് വിധേയമാക്കി. 21 പേർക്ക് പൂർണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെട്ടു. മിക്കവരും അപകടനില തരണം ചെയ്തിട്ടില്ല. ഫർവാനിയ, അദാൻ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശനിയാഴ്ച മുതലാണ് വ്യാജമദ്യ കേസുകള്‍ റിപ്പോർട്ട് ചെയ്തു തുടങ്ങിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജലീബ് അല്‍ഷുയൂഖ് മേഖലയിലെ അനധികൃത മദ്യവില്പന കേന്ദ്രത്തില്‍ നിന്നാണ് ഇവർ മദ്യം വാങ്ങിയതെന്ന് കരുതുന്നു. സംഭവത്തില്‍ അധികൃതർ അന്വേഷണം ആരംഭിച്ചു.

രഹസ്യ വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഏഷ്യക്കാരായ പ്രവാസികള്‍ അടക്കം പത്ത് പേരെ പിടികൂടി. മദ്യത്തിന്റെ ഉത്പാദനവും വില്പനയും ഉപയോഗവും കുവൈറ്റില്‍ കർശനമായി നിരോധിച്ചിട്ടുള്ളതാണ്. അനധികൃത മദ്യക്കടത്തുമായി ബന്ധപ്പെട്ട് മലയാളികള്‍ അടക്കം നിരവധി പേരെ കുവൈറ്റ് പൊലീസ് അടുത്തിടെ പിടികൂടിയിരുന്നു