⭕ ഈ വർഷത്തെ ഓണക്കിറ്റുകൾ ഓഗസ്റ്റ് 26 മുതൽ റേഷൻകട വഴി വിതരണം ചെയ്യും. എന്നാല്‍ എല്ലാ റേഷൻ കാർഡുടമകള്‍ക്കും സൗജന്യമായി ഓണക്കിറ്റ് വിതരണം ചെയ്യുമോ? ഇല്ല. അത്തരത്തിലുള്ള പ്രചാരണം വസ്തുതാപരമല്ലെന്ന് ഭക്ഷ്യവകുപ്പ് തന്നെ അറിയിച്ചിട്ടുണ്ട്. അന്ത്യോദയ, അന്നയോജന റേഷൻ കാർഡുടമകള്‍ക്കാണ് ഭക്ഷ്യക്കിറ്റ് സൗജന്യമായി വിതരണംചെയ്യുക. തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടായിരിക്കുക. പഞ്ചസാര-ഒരുകിലോ, വെളിച്ചെണ്ണ-അരലിറ്റർ, തുവരപ്പരിപ്പ്-250 ഗ്രാം, ചെറുപയർ പരിപ്പ്-250 ഗ്രാം, വൻപയർ-250 ഗ്രാം, കശുവണ്ടി-50 ഗ്രാം, നെയ്യ്-50 എംഎല്‍, തേയില-250 ഗ്രാം, പായസം മിക്സ്-200 ഗ്രാം, സാമ്പാർ പൊടി-100 ഗ്രാം, ശബരി മുളക്-100 ഗ്രാം, മഞ്ഞള്‍പ്പൊടി-100 ഗ്രാം, മല്ലിപ്പൊടി-100 ഗ്രാം, ഉപ്പ്-ഒരുകിലോ - എന്നിവയാണ് സാധനങ്ങള്‍.
റേഷൻ സംവിധാനത്തിലൂടെ വെള്ള കാർഡുകാർക്ക് 15 കിലോ സ്പെഷ്യല്‍ അരി 10 രൂപ 90 പൈസയ്ക്ക് ലഭ്യമാക്കും. നീല കാർഡുകാർക്ക് 10 കിലോയും പിങ്ക് കാർഡിന് അഞ്ചുകിലോയും അരി ലഭ്യമാക്കും. മഞ്ഞ കാർഡിന് ഒരുകിലോ പഞ്ചസാര ലഭ്യമാക്കും. എല്ലാ വിഭാഗം റേഷൻ കാർഡുകാർക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ട്. അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് ഓണക്കാലത്ത് സപ്ലൈകോയിലൂടെ ലഭ്യമാക്കും. നിലവില്‍ ഒരു റേഷൻ കാർഡിന് എട്ടുകിലോ അരിയാണ് സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത്, ഇതിനുപുറമേ കാർഡ് ഒന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25 രൂപ നിരക്കില്‍ സ്പെഷ്യലായി അനുവദിക്കും. ഓണക്കാലത്ത് ശബരി ബ്രാൻഡില്‍ സബ്സിഡിയായും നോണ്‍ സബിസിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും. മറ്റ് ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എംആർപിയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ലഭിക്കും. സണ്‍ഫ്ളവർ ഓയില്‍, പാം ഓയില്‍, റൈസ് ബ്രാൻ ഓയില്‍ തുടങ്ങിയ മറ്റ് ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കും.
