കോഴിക്കോട്: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരന്‍ പി കെ ബുജൈര്‍ അറസ്റ്റില്‍. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊലീസിനെ മര്‍ദിച്ചതിനും കുന്ദമംഗലം പൊലീസ് ആണ് കേസെടുത്തുത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
കുന്ദമംഗലത്തിനു സമീപം ചൂലാം വയലില്‍ ലഹരി വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. പരിശോധനക്കിടയില്‍ ബസ് സ്റ്റോപ്പിന് സമീപത്തുവച്ച് സംശയകരമായ സാഹചര്യത്തില്‍ ചൂലാം വയല്‍ തൊടികയില്‍ റിയാസ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേഹ പരിശോധനയില്‍ ലഹരി ഉപയോഗിക്കുന്നതിനുള്ള ചില വസ്തുക്കള്‍ ഇയാളില്‍ നിന്നു കണ്ടെടുത്തതായി പോലീസ് പറയുന്നു.
തുടര്‍ന്ന് പൊലീസ് പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കുന്നതിനിടയിലാണ് പി കെ ബുജൈര്‍ സ്ഥലത്തെത്തിയത്. പൊലീസ് പരിശോധന തടസപ്പെടുത്തിയതിനൊപ്പം പൊലീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
ഇതിനിടയില്‍ ബുജൈര്‍ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അജീഷിന്റെ മുഖത്തടിച്ചു. കൂടാതെ നെഞ്ചില്‍ പിടിച്ച് തള്ളുകയും ചെയ്തുവെന്നും പോലീസ് പറയുന്നു. ഇതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി പികെ ബുജൈറിനെയും റിയാസിനെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ ബുജൈറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റിയാസിനെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ കുന്നമംഗലം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ അജീഷ് ആശുപത്രിയില്‍ ചികിത്സ തേടി.
332, 353 എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ ബുജൈറിനെ കോടതിയില്‍ ഹാജരാക്കും.
സംഭവം നടന്ന ചൂലാം വയല്‍ മേഖലയില്‍ ഏറെക്കാലമായി വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ട് എന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിരീക്ഷണം നടത്തിവരികയായിരുന്നു.