മഞ്ചേരി: "ഒരു കാരണവുമില്ലാതെയാണ് ആ പോലീസുകാരൻ എൻ്റെ മുഖത്തടിച്ചത്. ബാങ്കിലേക്ക് പണം കൊണ്ടുപോകുന്നതിനിടെയാണ് ഈ സംഭവം.
മഞ്ചേരി ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റിലെ നൗഷാദ് എന്ന പോലീസുകാരനാണ് എന്നെ മർദ്ദിച്ചത്," മർദ്ദനമേറ്റ ഡ്രൈവർ ജാഫർ പറയുന്നു.
ജാഫര്‍ പറയുന്നത്...
കച്ചേരിപ്പടി ജങ്ഷനില്‍ നിന്ന് കുറച്ച് മാറി ബ്ഡജറ്റ് സൂപ്പര്‍മാര്‍ക്കറ്റിന്റെ അടുത്തുവച്ച് പൊലീസ് കൈ കാണിച്ചു. അവര് എന്നോട് 250 ഫൈൻ അടച്ചോളാൻ പറഞ്ഞു. കാക്കിയിടാത്തതുകൊണ്ടാണോ സാറേ എന്ന് ചോദിച്ചു. അതെ, 250 അടച്ചോ എന്നുപറഞ്ഞു. ഞാൻ ഒരു സാധാരണക്കാരനാണെന്നും തുച്ഛമായ ശമ്ബളത്തില്‍ ജോലി ചെയ്യുന്ന ആളാണെന്നും വല്ലപ്പോഴും ഓട്ടം പോകുന്നതാണ്, എന്റെ കയ്യില്‍ അത്രയും പണമില്ല സാറേ എന്ന് പറഞ്ഞു.
ഇതിനിടയില്‍ മറ്റൊരു വണ്ടി കൈകാണിച്ച് നിര്‍ത്തി അവരുമായി എന്തോ തര്‍ക്കമുണ്ടായി. അവരെ ഫൈൻ അടപ്പിച്ച ശേഷം എന്റെ അടുത്തേക്ക് വന്ന അദ്ദേഹം, പിന്നീട് പ്രിന്റെടുത്തപ്പോള്‍ ഫൈൻ 500 രൂപയായിരുന്നു അതില്‍ കാണിച്ചത്. നേരത്തെ പറഞ്ഞത് 250 അല്ലേ, ഇപ്പോ അഞ്ഞൂറായോ എന്ന് ചോദിച്ച് പോകല്ലേ സാറേ എന്നു പറഞ്ഞ് പിറകെ പോയപ്പോള്‍ അദ്ദേഹം അടിച്ചു. ഒറ്റ അടി കിട്ടിയപ്പോള്‍ തന്നെ ഞാൻ തരിച്ചുപോയി.
ആദ്യായിട്ടാണ് ഒരാളുടെ അടുത്ത് നിന്ന് അടി കിട്ടുന്നത്. പലതവണ അയിച്ചു, പിടിച്ചുവലിച്ചു, കോളാര്‍ പൊട്ടി. അപ്പോള്‍ മറ്റൊരു കോണ്‍സ്റ്റബിള്‍ വന്ന് തടഞ്ഞു. പിന്നെ എന്നെ ബലമായി ജീപ്പിന്റെ പിന്നിലിരുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ഭീഷണിപ്പെടുത്തി, പരാതിയില്ലെന്ന് എഴുതി വാങ്ങി. വീട്ടിലെത്തി സംഭവം പറഞ്ഞപ്പോള്‍ അച്ഛനും ചേട്ടനുമെല്ലാം പരാതി നല്‍കണമെന്ന് പറഞ്ഞതിനാലാണ് പരാതി നല്‍കിയതെന്നും ജാഫര്‍ പറഞ്ഞു.
സംഭവത്തെ തുടർന്ന് നൗഷാദിനെ മഞ്ചേരി ട്രാഫിക് സ്റ്റേഷനില്‍ നിന്ന് മലപ്പുറം ആംഡ് ഫോഴ്സിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. ഇന്നലെ ഉച്ചയോട് കൂടിയാണ് സംഭവം ഉണ്ടായത്. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഡ്രൈവറായ ജാഫറിനെ പൊലീസ് ഉദ്യോഗസ്ഥൻ മർദിക്കുന്നത്. കാനറ ബാങ്കിന്റെ പണം കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജാഫർ. പരിശോധനയ്ക്കിടയില്‍ ഡ്രൈവർ കാക്കി യുണിഫോം ധരിച്ചിട്ടില്ല എന്നു പറഞ്ഞ് പൊലീസ് പിഴ ഈടാക്കുകയായിരുന്നു. ബാങ്കില്‍ നിന്നും പണവുമായെത്തിയ വാഹനം വഴിയില്‍ തടഞ്ഞിട്ട ശേഷം തന്നെ പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോവുകയും ചെയ്തതായി ജാഫര്‍ ആരോപിച്ചിരുന്നു.