Type Here to Get Search Results !

പ്രതീക്ഷയുടെ പുതുവർഷാരംഭം; പൊന്നിൻ ചിങ്ങത്തെ വരവേറ്റ് മലയാളക്കര


തിരുവനന്തപുരം: ഇന്ന് ചിങ്ങം ഒന്ന്. കർഷകദിനം. ഒട്ടേറെ പ്രതീക്ഷകളുമായി കർഷകർ കാത്തിരുന്ന പുതുവർഷം. ഇക്കുറി കാലാവസ്ഥ അനുകൂലമായപ്പോൾ പാടങ്ങൾ വിളഞ്ഞു. പൊന്നിൻചിങ്ങത്തെ കണികണ്ട് പുതിയ നാളുകളിലേക്ക് പ്രവേശിക്കുകയാണ് ഒരോ കർഷകനും.
ദാരിദ്ര്യവും ദുരിതവും മാത്രം വിതക്കുന്ന പഞ്ഞമാസമത്തെ കർഷകർ കള്ളകർക്കിടകം എന്ന് പേരിട്ട് വിളിച്ചു. തൊട്ട് പിന്നാലെ എത്തുന്നതാണ് പ്രത്യാശയുടെ പൊന്നിൻ ചിങ്ങം. പാടത്ത് നിറഞ്ഞ പൊൻകതിരുകളാണ് ഈ പുതു വർഷത്തെ വരവേൽക്കുന്നത്. അവിടുന്ന് അങ്ങോട്ട് ഒരോ കർഷകനും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകളായിരുന്നു.
ഇതൊക്കെ പക്ഷേ വർഷങ്ങൾ മുൻപുള്ള കാഴ്ചകളായിരുന്നു. കതിരുത്സവം കൊണ്ടാടിയും, നാടൻ പലഹാരങ്ങൾ ഉണ്ടാക്കിയും ചിങ്ങത്തെ ആഘോഷിച്ചിരുന്ന ദിവസങ്ങൾ പതുക്കെ പഴങ്കഥകളായി. കർഷകരുടെ ഓർമ്മകളിലാണ് ആ നല്ല കാലം.
വീടിന്റെ പ്രധാന ഭാഗങ്ങളിൽ നിറകതിരുകൾ വെച്ചും, പാടത്ത് പോകാനുള്ള ഒരുക്കങ്ങൾക്ക് സഹായിച്ചും, ഈ ദിവസം വീട്ടിലെ സ്ത്രീകളും നന്നേ തിരക്കിലായിരിക്കും
ചിങ്ങം വന്നെത്തുമ്പോൾ മഴയുടെ പുതപ്പ് മാറ്റി കൂടെ നിൽക്കുന്ന പ്രകൃതിയായിരുന്നു കർഷകന്റെ ഉറ്റ സുഹൃത്ത്. ഇത്തവണ പക്ഷേ ചിങ്ങത്തിലും കൂട്ട് കൂടാൻ എത്തിയിട്ടുണ്ട് മഴ. പലയിടത്തും പൊന്നണിഞ്ഞ് സുന്ദരിയായി നിൽക്കുകയാണ് പാടങ്ങൾ. വെയിൽ ഒന്ന് ഉറച്ചാൽ തിളങ്ങി നിൽക്കാമായിരുന്നു എന്ന് പറയാതെ പറയുന്നുണ്ട് നെൽവയലുകൾ