നാഗ്പൂര്‍: നിരോധിത സംഘടനയായ സിമിയുടെ യോഗം ചേർന്നെന്നും ലഘുലേഖകൾ വിതരണം ചെയ്‌തുവെന്നും ആരോപിച്ച് അറസ്റ്റിലായ എട്ട് പേരെ 18 വർഷത്തിന് ശേഷം നാഗ്പൂർ കോടതി വെറുതെവിട്ടു. സിമിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനോ സാമ്പത്തിക സഹായം നൽകിയതിനോ ഇവർക്കെതിരേ യാതൊരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിരോധിക്കപ്പെട്ട സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനോ അത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനോ തെളിവ് ഹാജരാക്കാതെ കേവലം സംഘടനാ ലഘുലേഖകളോ രേഖകളോ കൈയിൽ വയ്ക്കുന്നതു കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാവില്ലെന്ന് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ കെ ബങ്കർ ചൂണ്ടിക്കാട്ടി.
2006ലാണ് 30നോട് അടുത്ത പ്രായമുള്ള നാഗ്പൂർ സ്വദേശികളായ എട്ട് പേരെയും യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത്. ഇവരെ സിമിയുമായി ബന്ധിപ്പിക്കുന്ന രഹസ്യ വിവരം ലഭിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാൽ, അത്തരത്തിലുള്ള രേഖകളൊന്നും ഹാജരാക്കാൻ പോലീസിന് സാധിച്ചില്ല
ഷക്കീല്‍ വാര്‍സി, ഷാക്കീര്‍ അഹമദ് നാസിര്‍ അഹമദ്, മുഹമ്മദ് റെഹാന്‍ അത്തല്ലാഖാന്‍, സിയാവുര്‍ റഹ്മാന്‍ മഹ്ബൂബ് ഖാന്‍, വക്കാര്‍ ബെയ്ഗ് യൂസുഫ് ബെയ്ഗ്, ഇംതിയാസ് അഹമദ് നിസാര്‍ അഹമദ്, മുഹമ്മദ് അബ്‌റാര്‍ ആരിഫ് മുഹമ്മദ് ഖാസിം, ശെയ്ഖ് അഹമദ് ശെയ്ഖ് എന്നിവരെയാണ് നാഗ്പൂര്‍ കോടതി വെറുതെവിട്ടത്..
