Type Here to Get Search Results !

ദേവര്‍ഷോല വഴി ഗൂഢല്ലൂരിലേക്ക് പോകുന്ന യാത്രക്കാരുടെ ശ്രദ്ധക്ക്, ഏത് നേരത്തും കാട്ടാനകള്‍ മുന്നിലെത്താം; ജാഗ്രത



ദേവര്‍ ഷോല വഴി ഗൂഢല്ലൂരിലേക്ക് പോകുന്ന റൂട്ടില്‍ പാടന്തറയില്‍ റോഡില്‍ കാട്ടാനകളെത്തുന്നത് വാഹനയാത്രികരെ ഭീതിയിലാക്കുകയാണ്.











രാവിലെയും വൈകുന്നേരങ്ങളിലും ഇതുവഴി ജീവന്‍ പണയം വെച്ചാണ് യാത്ര ചെയ്യുന്നതെന്നാണ് നാട്ടുകാരും സ്ഥിരം യാത്രക്കാരും പറയുന്നത്. കഴിഞ്ഞ ദിവസം പാടന്തറ മദ്രസയ്ക്ക് സമീപമിറങ്ങിയ കാട്ടാന ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ ആക്രമിച്ചിരുന്നു. മദ്രസയിലേക്ക് കുട്ടികളെ വിട്ട് തിരികെ വരികയായിരുന്ന വാഹനത്തിന് നേരെയായിരുന്നു ആന ചീറിയടുത്തത്.

ഓട്ടോ ഡ്രൈവര്‍ കമ്ബാടിയിലെ അബുതാഹിര്‍ (29) ആന ഓട്ടോറിക്ഷക്ക് നേരെ വരുന്നത് കണ്ട് ഇറങ്ങിയോടുകയായിരുന്നു. പേടിച്ചോടുന്നതിനിടയില്‍ ഇദ്ദേഹത്തിന് വീണ് നിസാര പരിക്കുമേറ്റിരുന്നു. ചിന്നം വിളിച്ചെത്തിയ കാട്ടാന ഓട്ടോറിക്ഷയുടെ പിന്‍ഭാഗം തകര്‍ത്താണ് പിന്‍മാറിയത്. നിരന്തരം പാടന്തറയിലും പരിസരപ്രദേശങ്ങളിലുമെത്തുന്ന ഒറ്റയാനെ പേടിച്ചാണ് ഈ നാട്ടുകാരുടെ ജീവിതം. മാസങ്ങളായി ആന പാടന്തറയിലെത്തുന്നുണ്ടെങ്കിലും പ്രദേശവാസികളുടെ ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ് അനിഷ്ടസംഭവങ്ങള്‍ ഇല്ലാതിരിക്കുന്നത്.

അബുതാഹിറിനെ ആക്രമിക്കാനൊരുങ്ങിയ വിവരമറിഞ്ഞ് തമിഴ്‌നാട് വനംവകുപ്പ് സംഭവസ്ഥലത്ത് എത്തിയിരുന്നെങ്കിലും ആനയെ തുരുത്താനായി കഴിഞ്ഞിരുന്നില്ല. പിന്നീട് കൂടുതല്‍ വനംവകുപ്പ് ജീവനക്കാരെത്തിയാണ് ജനവാസ മേഖലയില്‍ നിന്ന് ആനയെ അകറ്റാന്‍ ആയത്. ഏതായാലും ഇതുവഴി പോകുന്ന യാത്രക്കാര്‍ക്കും മറ്റും കാട്ടാനക്ക് മുമ്ബിലകപ്പെടാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്ന് ഉപദേശിച്ചാണ് വിടുന്നത്.