ഗാസയുടെ മണ്ണില്‍ രക്തം തോരാത്ത ദിനരാത്രങ്ങള്‍. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ കൂടുതല്‍ ആഴങ്ങളിലേക്ക് വ്യാപിക്കുമ്ബോള്‍ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം ഓരോ നിമിഷവും വർധിച്ചുകൊണ്ടിരിക്കുകയാണ്.ഗാസ സിറ്റിയിലെ തെരുവുകളിലേക്ക് ഇസ്രയേലി ടാങ്കുകള്‍ കടന്നുചെല്ലുമ്ബോള്‍ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതക്കയത്തിലാവുകയാണ്. ഒരുകാലത്ത് സമാധാനപൂർണ്ണമായിരുന്ന ഈ ഭൂമി ഇന്ന് മനുഷ്യൻ അതിജീവനത്തിനായി പോരാടുന്ന യുദ്ധഭൂമിയായി മാറിക്കഴിഞ്ഞു.
അല്‍ ജസീറ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ ദിവസത്തെ ഇസ്രയേലി ആക്രമണങ്ങളില്‍ മാത്രം 51 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസയിലെ സെയ്‌തൂണ്‍, സാബ്ര തുടങ്ങിയ പ്രദേശങ്ങള്‍ ആക്രമണത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഇസ്രയേല്‍ ടാങ്കുകള്‍ സാബ്രയിലേക്ക് കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഈ ആക്രമണത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു. സെയ്‌തൂണ്‍ പ്രദേശത്തിനടുത്തുള്ള സാബ്രയില്‍ നടന്ന ബോംബാക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടതായി അല്‍ അഹ്‌ലി ആശുപത്രിയിലെ മെഡിക്കല്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
തെക്കൻ ഗാസയിലെ ഖാൻ യൂനിസില്‍ അഭയം തേടിയിരുന്ന കുടുംബങ്ങളുടെ കൂടാരങ്ങള്‍ക്ക് നേരെ നടത്തിയ പീരങ്കി ആക്രമണത്തില്‍ ആറ് കുട്ടികളുള്‍പ്പെടെ 16 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ജീവൻ നിലനിർത്താൻ സഹായം തേടിയിറങ്ങിയ 16 പലസ്തീനികളെ കൂടി ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോർട്ടുകള്‍ പറയുന്നു. ഇതിനിടെ പോഷകാഹാരക്കുറവ് മൂലം മരണമടയുന്നവരുടെ എണ്ണവും വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം എട്ട് പലസ്തീനികള്‍ മരണപ്പെട്ടു, ഇതില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.
യു.എൻ. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഗാസയിലെ സ്ഥിതിഗതികളെ “ക്ഷാമം” എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര ദശലക്ഷത്തിലധികം ആളുകള്‍ പട്ടിണിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഗാസയിലെ ജീവിക്കുന്ന നരകത്തെക്കുറിച്ച് പറയാൻ വാക്കുകള്‍ ഇല്ലാതിരിക്കുമ്ബോള്‍, അതിലേക്ക് പുതിയൊന്ന് കൂടി ചേർക്കപ്പെട്ടിരിക്കുന്നു: ക്ഷാമം,’ ഗുട്ടെറസ് എക്സില്‍ കുറിച്ചു.
അതേസമയം, ഗാസയിലെ ഈ ദുരന്തങ്ങളെല്ലാം ഹമാസിന്റെ വ്യാജ പ്രചാരണമാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നത്. ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി.) പുറത്തുവിട്ട റിപ്പോർട്ടുകള്‍ ഇസ്രയേലിനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണെന്നും ഇസ്രയേല്‍ വാദിക്കുന്നു.
ലോകം കണ്ടുകൊണ്ടിരിക്കെ ഗാസയിലെ ജനങ്ങള്‍ മരണം മുന്നില്‍ കണ്ടു ജീവിക്കുകയാണ്. കുട്ടികളും സ്ത്രീകളും അടക്കം നിസ്സഹായരായ മനുഷ്യർക്ക് ഭക്ഷണവും വെള്ളവും പോലും ലഭ്യമല്ലാത്ത സാഹചര്യത്തില്‍, ഈ പ്രതിസന്ധിക്ക് അറുതി വരുത്താൻ അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടികള്‍ സ്വീകരിക്കുമോ എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
