Type Here to Get Search Results !

ജില്ലയിലെ 18 വയസ്സ് വരെയുളള കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും;ജില്ലാ കലക്ടറു ടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു




മലപ്പുറം : സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെയും അങ്കണവാടികളിലെയും കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ശക്തി പകരാന്‍ ആരോഗ്യവകുപ്പ് . ആരോഗ്യകേരളം വഴി നടപ്പാക്കുന്ന ആര്‍.ബി.എസ്.കെ-  ആര്‍.കെ.എസ്.കെ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന്  ജില്ലാകലക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. സ്‌കൂളുകളില്‍ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പ്രധാനധ്യാപകരുടെയും മറ്റ് അധ്യാപകരുടെയും പൂര്‍ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനുതകുന്ന കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ആരോഗ്യ പരിശോധനക്ക് ഐസിഡിഎസിന്റെയും ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുളള പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

കുട്ടികളിലെ വിളര്‍ച്ച തടയുന്നതിന് നടപ്പാക്കുന്ന വിഫ്‌സ് (വീക്കിലി അയണ്‍ ആന്‍ഡ് ഫോളിക്  സപ്ലിമെന്റേഷന്‍) പ്രോഗ്രാം വഴി കുട്ടികള്‍ക്ക് അയണ്‍ ഗുളിക വിതരണം ചെയ്യുന്നുണ്ട്. ആറുവയസുവരെയുളള കുട്ടികള്‍ക്ക് അയണ്‍ സിറപ്പ് ആഴ്ചയില്‍ രണ്ടു പ്രാവശ്യവും ആറു മുതല്‍ 10 വയസുവരെയുളള കുട്ടികള്‍ക്ക് നീല നിറത്തിലുളള അയണ്‍ ഗുളികയും 10 വയസു മുതല്‍ 19 വയസുവരെയുളള കുട്ടികള്‍ക്ക് പിങ്ക് നിറത്തിലുളള ഗുളികയുമാണ് നല്‍കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ച ഭക്ഷണത്തിന് ശേഷം ക്ലാസ് ടീച്ചറുടെ മേല്‍ നോട്ടത്തിലാണ് കുട്ടികള്‍ക്ക് ഗുളിക നല്‍കുന്നത്. ക്ഷീണം, ഓര്‍മ്മക്കുറവ്, ഇടക്കിെടയുളള രോഗങ്ങള്‍, ഇടവിട്ടുളള തലവേദന, അമിത ഉറക്കം എന്നിവ അയണിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങളാണ്. ഇത് തടയുന്നതിന് അയണ്‍ ഗുളിക കഴിക്കുന്നതിലൂടെ സാധിക്കും.

ഇത് കൂടാതെ ആര്‍.ബി.എസ്.കെ പ്രോഗ്രാമിന്റെ ഭാഗമായി നവജാത ശിശുക്കളില്‍ ജനനസമയത്തും ആറു വയസുവരെയുളള കാലഘട്ടത്തില്‍ അങ്കണവാടിയിലും സര്‍ക്കാര്‍ എയഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ 12 വരെയുളള ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്‌കൂളിലും ആരോഗ്യ പരിശോധന നടത്തുന്നുണ്ട്.  കുട്ടികളിലെ ജനന വൈകല്യങ്ങള്‍, പോഷകാഹാര കുറവ്, അസുഖങ്ങള്‍, വളര്‍ച്ചാ - വികാസ കാലതാമസങ്ങള്‍ തുടങ്ങിയവ കണ്ടെത്താന്‍ സാധിക്കുകയും അതുവഴി മികച്ച തുടര്‍ചികിത്സ ഉറപ്പാക്കുന്നതിനും സാധിക്കുന്നു.  കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന 30 അസുഖങ്ങളാണ് ആര്‍ബിഎസ്‌കെ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.