കേരളത്തില്‍ കഴിഞ്ഞ ദിവസം പെയ്തിറങ്ങിയ കനത്ത മഴയില്‍ വ്യാപക നാശം. മഴക്കെടുതികളില്‍ സംസ്ഥാനത്ത് ഇന്നലെ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ വീതം മരിച്ചതായാണ് റിപ്പോര്‍ട്ട്. ശക്തമായ കാറ്റില്‍ വീട് തകര്‍ന്ന് കണ്ണൂരില്‍ വയോധികന്‍ മരിച്ചു. കണ്ണൂര്‍ കോളയാട് പെരുവ തെറ്റുമ്മല്‍ എനിയാടന്‍ ചന്ദ്രന്‍ (78) ആണ് മരിച്ചത്. പഴയങ്ങാടി ചൂട്ടാട് ബീച്ചില്‍ മീന്‍പിടിത്ത ബോട്ടുമറിഞ്ഞാണ് ജില്ലയിലെ രണ്ടാമത്തെ മരണം സംഭവിച്ചത്. കന്യാകുമാരി പുത്തുംതുറയിലെ സലോമോന്‍ ലോപ്പസ് എലീസ് (63) ആണ് മരിച്ചത്. ഇടുക്കിയില്‍ ഉടുമ്ബന്‍ചോല കല്ലുപാലത്ത് മരം വീണ് തമിഴ്‌നാട് തമ്മനായക്കന്‍പട്ടി സ്വദേശി ലീലാവതി (58) മരിച്ചു. ലോറിക്കുമുകളില്‍ മണ്ണിടിഞ്ഞു വീണാണ് ഡ്രൈവര്‍ മൂന്നാര്‍ അന്തോണിയാര്‍ നഗര്‍ സ്വദേശി ഗണേഷന്‍ (56) മരിച്ചത്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ഗവ. കോളേജിനുസമീപം ആയിരുന്നു അപകടം.
മഴ തുടരുന്നു, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കാറ്റിനും കടലാക്രമണത്തിനും സാധ്യത
സംസ്ഥാനത്തെ തെക്കന്‍ ജിലകളില്‍ മഴയ്ക്ക് ഇന്ന് നേരിയ ശമനം ഉണ്ടെങ്കിലും വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വയനാട് ഉള്‍പ്പെട്ടെ മലബാറിലെ മലയോര മേഖകളില്‍ മഴ തുടരുകയാണ്.
ഇന്നലെ രാത്രിയിലും മലയോരമേഖലകളില്‍ അതി ശക്തമായ മഴ പെയ്തിരുന്നു. വയനാട് കല്ലുമുക്കില്‍ വീടിന് മുകളില്‍ മരം വീണു. ചാലിയാറും ചെറുപുഴ, ഇരുവഴിഞ്ഞപ്പുഴ എന്നിവ കരകവിഞ്ഞതോടെ കോഴിക്കോട് മാവൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി. ചാത്തമംഗലം പ്രദേശത്ത് ഉള്‍പ്പെടെ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. കോഴിക്കോട് കുറ്റ്യാടിയില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ അടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വിലങ്ങാടും മരം വീണ് വീട് തകര്‍ന്നു. കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കണ്ണൂര്‍ ഇരിട്ടി തളിപ്പറമ്ബ് പാതയില്‍ വെള്ളം കയറി. പഴശ്ശി ഡാമിന് താഴെയുള്ള വീടുകളില്‍ വെള്ളം കയറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
