ബാങ്ക് അക്കൗണ്ടുകള്‍ കൈക്കലാക്കി നിരവധി പേരെ സൈബർ തട്ടിപ്പിന് ഇരയാക്കിയ പ്രതികളെ മുംബൈയില്‍ വെച്ച് അറസ്റ്റ് ചെയ്ത് കാസറഗോഡ് സൈബർ ക്രൈം പോലീസ്.
2024 മാർച്ച് മുതല്‍ പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് വഴി സൈബർ തട്ടിപ്പിലൂടെ പണം കൈക്കലാക്കിയ പ്രതിയാണ് പിടിയിലായിരിക്കുന്നത്. പ്രതിക്കെതിരെ വിവിധ പരാതികള്‍ ലഭിച്ചിട്ടുണ്ട്.
കാസറഗോഡ് തളങ്കര സ്വദേശി സാജിത യു (34) ആണ് പിടിയിലായത്. കേസില്‍ രണ്ടാം പ്രതി കാസർഗോഡ് മുട്ടത്തൊടി സ്വദേശി മുഹമ്മദ് സാബിർ ബി എം (32) ഇപ്പോഴും ഒളിവിലാണ്. ബാങ്ക് അക്കൗണ്ടും, എടിഎം കാർഡും, അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബറും കൈക്കലാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോള്‍ നിരവധി പേരുടെ അക്കൗണ്ട് ഈ രീതിയില്‍ കൈവശപ്പെടുത്തി തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് കണ്ടെത്തി. പിടികൂടാൻ ശ്രമിച്ചപ്പോള്‍ പ്രതികള്‍ വിദേശത്തേക്ക് കടന്നു. ഇരുവരെയും പിടികൂടുന്നതിന് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതെത്തുടർന്ന് പിടിയിലായ ഒന്നാം പ്രതി മുബൈ എയർ പോർട്ടില്‍ എത്തിയപ്പോള്‍ തടഞ്ഞു വെക്കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി ശ്രീ. ബി. വി വിജയ ഭരത് റെഡ്‌ഡി ഐപിഎസിന്റെ നിർദ്ദേശ പ്രകാരം കാസറഗോഡ് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ(ഇൻചാർജ് ) വിപിൻ യു പി യുടെ മേല്‍നോട്ടത്തില്‍ സബ് ഇൻസ്‌പെക്ടർ പ്രേമരാജൻ, എസ് സി പി ഒ ദിലീഷ്, സി പി ഒ നജ്‌ന എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്